എലിക്കുളം : മികച്ച കൃഷിയിടങ്ങളെ പരിചയപ്പെടുത്തി കർഷകരെ ബോധവത്കരിക്കുന്നതിനുള്ള കൃഷിയിട വിദ്യാലയത്തിന് എലിക്കുളത്ത് തുടക്കമായി. കാരക്കുളം വെട്ടത്തിൽ ജിബിൻ ജോസിന്റെ കൃഷിയിടത്തിലാണ് പഠനപരിപാടി തുടങ്ങിയത്. ആറാഴ്ചകളിലെ തിരഞ്ഞെടുത്ത ഓരോ ദിവസമാണ് ക്ലാസ്. സുഗന്ധവിളകൾ, പച്ചക്കറി, വാഴ,സമ്മിശ്ര കൃഷി,പശുവളർത്തൽ, മത്സ്യകൃഷി, തേനീച്ച വളർത്തൽ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പരിശീലനമുണ്ട്. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സ്‌പൈസസ് ബോർഡ് മുൻ അസി.ഡയറക്ടർ ഇ.കെ.ജോസ് ആദ്യദിനത്തിലെ ക്ലാസ് നയിച്ചു. എലിക്കുളം അസി. കൃഷിഓഫീസർ എ.ജെ.അലക്‌സ് റോയ്, വി.എസ്.സെബാസ്റ്റ്യൻ വെച്ചൂർ, ബെന്നി തോമസ് പുത്തൻപറമ്പിൽ, ഡയാന സ്‌കറിയ, ആനി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.