എരുമേലി : ജലക്ഷാമം രൂക്ഷമായ കൊടിത്തോട്ടം നിവാസികൾക്ക് റോഡ് പണിയുടെ പേരിൽ കുടിവെള്ളം മുട്ടി. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി സമഗ്ര കുടിവെള്ള പദ്ധതി വന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിരുന്നു. ഇതിനിടെയാണ് അശാസ്ത്രീയ റോഡ് നിർമ്മാണം വീണ്ടും വിനയായത്. അടുത്തിടെ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റോഡിന്റെ വീതി വർദ്ധിപ്പിക്കാനായി കഴിഞ്ഞ ദിവസം വശങ്ങൾ തെളിച്ച് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയിരുന്നു. ഇതിനിടെയാണ് കുടിവെള്ള വിതരണ കുഴൽ പൊട്ടിയത്. കൊടിത്തോട്ടത്തെ ജലസംഭരണ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കുഴലാണ് പൊട്ടിയത്. പമ്പാ നദിയിൽ സംഭരിച്ചെടുക്കുന്ന വെള്ളം മുക്കൂട്ടുതറ എംഇഎസ് കോളേജിനടുത്തുള്ള പ്ലാന്റിൽ ശുദ്ധീകരിച്ച് കൊടിത്തോട്ടം ഉൾപ്പെടെ വിവിധ ടാങ്കുകളിൽ എത്തിച്ചാണ് ജലവിതരണം നടത്തുന്നത്. പൈപ്പ് പൊട്ടിയതോടെ ലിറ്റർ കണക്കിന് വെള്ളമാണ് പാഴായത്. ഒപ്പം കൊടിത്തോട്ടം ടാങ്കിലേക്ക് വെള്ളമെത്തുന്നതും നിലച്ചു. പൈപ്പ് പൊട്ടിയത് ജലഅതോറിറ്റിയെ അറിയിച്ചിരുന്നില്ല. ജലവിതരണം നിലച്ചതറിഞ്ഞ് കാരണം തിരക്കി ജീവനക്കാരെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിനുള്ള തുക കരാറുകാരൻ അടയ്ക്കണമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും നടപടികളായിട്ടില്ല. പ്രദേശത്തെ ജലവിതരണം പൂർണമായി മുടങ്ങിയിരിക്കുകയാണ്.