എരുമേലി : റോഡ് പണിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങളും ലോറിയിലെത്തിച്ച് വനപാതയിലിട്ടത് വനപാലകർ തടഞ്ഞു. ഇന്നലെ ഉച്ചയോടെ എരുമേലി - പ്ലാച്ചേരി റോഡിലെ കരിമ്പിൻതോട് ഭാഗത്താണ് സംഭവം. ശബരിമല റോഡ് പണിയുടെ ഭാഗമായുള്ള മാലിന്യങ്ങളായതിനാലാണ് വനപാതയിലെ റോഡിന്റെ ഒരു വശത്തായി ഇട്ടതെന്ന് മാലിന്യവുമായി വന്നവർ പറഞ്ഞു. വനപാതയിൽ മാലിന്യങ്ങൾ ഇടാൻ അനുവദിക്കില്ലെന്നും കേസെടുക്കുമെന്നും മാലിന്യങ്ങൾ കൊണ്ടുവന്ന ലോറി കസ്റ്റഡിയിലെടുക്കുമെന്നും വനപാലകർ അറിയിച്ചതോടെ മാലിന്യങ്ങൾ തിരികെ കയറ്റി കൊണ്ടുപോകുകയായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ പ്ലാച്ചേരി മുക്കട കരിമ്പിൻതോട് പാതയിൽ മാലിന്യങ്ങൾ വനപാലകരുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് ശുചീകരിച്ചത് അടുത്തിടെയാണ്. മാലിന്യങ്ങളിടുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന് പ്ലാച്ചേരി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്ദുൽ സലാം പറഞ്ഞു.