പാലാ : ജന്മനാ ഇരുകാലുകളും പോളിയോ ബാധിച്ച് തളർന്ന ഗീതമ്മയ്ക്ക് ബിനോയി ജീവിതപങ്കാളിയാകും. ഇടപ്പാടി മഠത്തിപറമ്പിൽ തങ്കപ്പന്റെയും ചിന്നമ്മയുടെയും ആറ് മക്കളിൽ നാലാമത്തെയാളാണ് ആവേമരിയ എന്ന ഗീതമ്മ. തങ്കമണി സ്വദേശിയാണ് ബിനോയി. മകളുടെ വൈകല്യം മാതാപിതാക്കളെയും സഹോദരങ്ങളെയും ഏറെ വിഷമിപ്പിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും ഒന്നാതരത്തിൽ മാത്രമാണ് സ്‌കൂളിൽ പോകാനായത്. തുടർന്നാണ് അന്തീനാട്ടുള്ള വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്ന ശാന്തിനിലയം എന്ന സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞത്. അഞ്ചാം വയസിൽ ഗീതമ്മ അവിടെ അന്തേവാസിയായി. തുടർന്ന് അത്യാവശ്യത്തിനുള്ള വിദ്യാഭ്യാസവും സ്വയംതൊഴിലായി തയ്യലും പഠിച്ചു. ശാന്തിഭവനിലെ ചിട്ടയായുള്ള രീതികളും കൗൺസലിംഗും ഗീതമ്മയ്ക്ക് പുതുജീവിതമാണ് നൽകിയത്.
ഇടപ്പാടി പ്രവിത്താനം റോഡിൽ തയ്യൽകട തുടങ്ങി. സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചുവിടാനും ഗീതമ്മക്കായി.
കിടപ്പാടവും പുരയിടവും സർക്കാർ വിലയിട്ട് നൽകാതിരുന്നത് നിയമക്കുരുക്കിലാക്കിയിരുന്നു. തുടർന്ന് പൗരാവകാശ സമിതി ഇടപെട്ടതോടെയാണ് വീടും സ്ഥലവും തിരിച്ചുകിട്ടിയത്. പെയിന്റിംഗ് തൊഴിലാളിയായ ബിനോയിക്ക് ഇതിന് പുറമെ പാൽ വിതരണവുമുണ്ട്. ഇന്ന് രാവിലെ 11.30ന് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിലാണ് വിവാഹം.