കോട്ടയം: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശവ്യാപകമായി മിന്നൽ പണിമുടക്ക് നടത്തി. മാനേജ്മെന്റിന്റെ നയങ്ങൾ കൂടുതൽ ജനകീയമാക്കണമെന്നും തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശിയ തലത്തിൽ പ്രക്ഷോഭം നടക്കുന്നത്. അതോടൊപ്പം യൂണിയൻ ദേശിയ സെക്രട്ടറി സുജിത് രാജുവിനെ പെരുന്ന ശാഖയിൽ നിന്ന് തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റിയതിലും യൂണിയൻ പ്രതിഷേധിച്ചു.

കോട്ടയത്ത് മെയിൻ ബ്രാഞ്ചിന് മുമ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി എസ്.എച്ച്. മൗണ്ടിലുള്ള സോണൽ ഓഫീസിന് മുമ്പിൽ സമാപിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി.ബിനു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എഫ്.ബി.ഇ.വി ദേശിയ വൈസ് പ്രസിഡന്റ് എ.സി ജോസഫ്, എ.കെ. ബി.ഇ.എഫ് ജില്ല ചെയർമാൻ പി.എസ്. രവീന്ദ്രനാഥ്, ജില്ല ട്രഷറർ എസ്. ഹരിശങ്കർ, എഫ്.ബി.ഇ.വി കേന്ദ്ര കമ്മിറ്റി അംഗം കെ.ജെ.തോമസ്, റീജിയണൽ സെക്രട്ടറി എൻ.ജെ. അനിൽ, വനിതാവിഭാഗം നേതാക്കളായ ലിസിമോൾ ജോസഫ്, അനിജ ജി. നായർ, ആർ.വീണ, എ.ഐ.ബി.ഒ.എ നേതാവ് ശ്യാമപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.