പെരുന്ന: സന്ധ്യമയങ്ങിയാൽ വെളിച്ചത്തിന്റെ കണികപോലുമില്ല. പെരുന്ന റെഡ് സ്‌ക്വയർ ജംഗ്ഷനിലെ അവസ്ഥയാണിത്. ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതാണ് രാത്രിയിൽ ജംഗ്ഷനിൽ എത്തുന്ന യാത്രക്കാർക്ക് ദുരിതം തീർക്കുന്നത്. നാലുവശത്തു നിന്ന് ഒരു പോലെ വാഹനങ്ങൾ എത്തിച്ചേരുന്ന ഇടമാണ് പെരുന്ന റെഡ് സ്‌ക്വയർ ജംഗ്ഷൻ. ആലപ്പുഴ എ.സി റോഡ്, കോട്ടയം എം.സി റോഡ്, തിരുവല്ല റോഡ്, പെരുന്ന മന്നം റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എല്ലാം കടന്നുപോകുന്നത് പെരുന്ന റെഡ് സ്‌ക്വയർ ജംഗ്ഷനിലൂടെയാണ്.
സ്ഥാപനത്തിലെ വ്യാപാരസ്ഥാപനങ്ങൾകൂടി അടയ്ക്കുന്നതോടെ ജംഗ്ഷൻ പൂർണമമായും ഇരുട്ടിലാകും. അപകടകരമായ വളവിന് സമീപത്തായാണ് ആലപ്പുഴയിലേക്കുള്ള ബസുകൾ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. വെളിച്ചമില്ലാത്തതിനാൽ ആളുകൾ റോഡ് മുറിച്ചുകടക്കുന്നതും അപകടകരമായ അവസ്ഥയിലാണ്. തിരുവല്ല ഭാഗത്തു നിന്നും കോട്ടയം ഭാഗത്തു നിന്നും മന്നം റോഡിൽ നിന്നും ഒരുപോലെ വാഹനങ്ങൾ എത്തുന്നത് ജംഗ്ഷനിൽ അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ ഉണ്ടെങ്കിലും അവയും പ്രവർത്തനരഹിതമാണ്.