cctv

ചങ്ങനാശേരി: നഗരത്തിലെ മൂന്ന് പ്രദേശങ്ങളിൽ നിരീക്ഷണകാമറകൾ സ്ഥാപിച്ചതോടെ സഫലമായത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം. അടുത്ത ആഴ്ചയോടെ കാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ 'നാടു നന്നാകുമെന്ന' പ്രതീക്ഷയിലാണ് നാട്ടുകാരും. പെരുന്ന ബസ് സ്റ്റാൻഡ്, മുനിസിപ്പൽ ആർക്കേഡ്, ളായിക്കാട് ബൈപ്പാസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. കോട്ടയം പി.ഡബ്ലു.ഡി എൻജിയറിംഗ് വിഭാഗത്തിന്റെ ചുമതലയിലാണ് 120 ഡിഗ്രി വരെ കാഴ്ച പരിധിയുള്ള കാമറകൾ സ്ഥാപിച്ചത്.

 ളായിക്കാട് പ്രതീക്ഷയിലാണ്

മാലിന്യം കൊണ്ടുവന്ന് തള്ളാനുള്ള പ്രദേശമായാണ് ളായിക്കാട് ബൈപ്പാസ് റോഡിനെ ചിലരെങ്കിലും ഇത്രയും നാൾ കണ്ടത്. പിടിക്കപ്പെടില്ല എന്ന ഉറപ്പാകാം അവരെ അതിനു പ്രേരിപ്പിക്കുന്നതും. മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചിരുന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ബൈപാസ് റോഡിൽ ഉടനീളം നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം മാത്രം നടന്നു. മാലിന്യം മൂലം ബുദ്ധിമുട്ട് അനുഭവിച്ചത് ഇവിടെ താമസിക്കുന്ന സാധാരണക്കാരും. കാമറ സ്ഥാപിച്ചതോടെ മാലിന്യനിക്ഷേപം തെല്ലൊന്നു കുറഞ്ഞതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ചീറിപ്പായുന്ന ഫ്രീക്കൻമാരും ഇനി അടങ്ങുമെന്നാണ് പ്രതീക്ഷ. മൊബൈൽ ടവറുകൾക്ക് തുല്യമായ രീതിയിൽ നിർമ്മിച്ച രണ്ട് ഉയർന്ന ടവറുകൾക്ക് മുകളിലായി ഇരു സൈഡുകളിലുമായിട്ടാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ളായിക്കാട് മുതൽ ബൈപാസ് റോഡിൽ പാലത്തറച്ചിറ വരെയുള്ള ഭാഗങ്ങൾ നിരീക്ഷിക്കാമെന്നതാണ് പ്രത്യേകത.

 കാമറ: നാൾവഴികൾ

 കാമറ സ്ഥാപിക്കാനുള്ള പദ്ധതി രൂപപ്പെട്ടത് 2016ൽ

 പി.ഡബ്ല്യൂ.ഡിക്ക് പണം നൽകിയെങ്കിലും

സാങ്കേതിക കാരണങ്ങളാൽ മുടങ്ങി

 പ്രതിഷേധങ്ങളും വിമർശനങ്ങളും വ്യാപകം

 2019 നവംബർ: കാമറ സ്ഥാപിച്ചു