ashtami

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 8.18ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. പുലർച്ചെ നട തുറന്ന് ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം ശ്രീകോവിലിൽ നിന്ന് ദേവചൈതന്യം ആവാഹിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിയത് ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്തെ തന്ത്രിയായതിനാൽ ആചാരപ്രകാരം ധ്വജത്തിന്റെ ഉത്തര ദിക്കിലാണ് കൊടി ഉയർത്തിയത്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, കീഴ്ശാന്തിമാരായ കൊളായി ശങ്കരൻ നമ്പൂതിരി, ആഴാട്ട് നമ്പി നാരായണൻ നമ്പൂതിരി, ആഴാട്ട് നാരായണൻ നമ്പൂതിരി, എറാഞ്ചേരി ദേവൻ നമ്പൂതിരി, മേലേടം രാമൻ നമ്പൂതിരി തുടങ്ങിയവർ കാർമ്മികരായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഗജവീരന്മാരും സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും സായുധ പൊലീസും മഹാദേവരുടെ കൊടിയേറ്റിന് അകമ്പടിയായി. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ എം. ഹർഷനും കലാമണ്ഡപത്തിൽ സിനിമാ താരങ്ങളായ നെടുമുടി വേണുവും ഹരിശ്രീ അശോകനും ചേർന്നും ദീപം തെളിച്ചു.