കോട്ടയം: സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ ഏഴു ദിവസം അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവാണ് ഇതു സംബന്ധിച്ചുള്ള നിർദേശം പുറത്തിറക്കിയത്.

സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ഇന്നലെ ജില്ലയിൽ കനത്ത ജാഗ്രതയാണ് പുലർത്തിയിരുന്നത്. വെള്ളിയാഴ്‌ച രാത്രി വൈകിയാണ് വിധി ഇന്നലെ ഉണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചത്. ഇതേ തുടർന്ന് അവധിയിലുണ്ടായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി പ്രശ്‌നബാധിതമായി നേരത്തെ കണ്ടെത്തിയിരുന്ന സ്ഥലങ്ങളിൽ വിന്യസിച്ചു. വിധിയുടെ ഭാഗമായി അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുമെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ അരമണിക്കൂർ ഇടവിട്ട് പട്രോളിംഗ് നടത്തി. ജില്ലയിലെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളും വാട്‌സ്അപ്പ് ഗ്രൂപ്പുകളും ജില്ലാ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണത്തിലായിരുന്നു.

പൊലീസിന്റെ നി‌ർദേങ്ങൾ

സാമൂഹികവിരുദ്ധവും മതസൗഹാർദ്ദത്തെ തകർക്കുന്നതുമായ പ്രവർത്തനങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളും തടയുന്നതിനായാണ് കേരള പൊലീസ് ആക്ട് വകുപ്പ് 78,79 പ്രകാരം നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ, വെടിമരുന്നുകൾ, കല്ലുകൾ, ആയുധങ്ങൾ എന്നിവ ശേഖരിക്കുന്നതും കൊണ്ടു പോകുന്നതും കൈവശം വയ്‌ക്കുന്നതും നിരോധിച്ചു. സാമുദായികവും മതപരവുമായ വികാരം ആളിക്കത്തിക്കുന്നതും സമാധാനം തകർക്കുന്നതുമായ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിച്ച കടലാസുകൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ, ഓഡിയോ-വീഡിയോ റെക്കോഡിംഗുകൾ, പോസ്റ്റുകൾ, ബാനറുകൾ എന്നിവ തയാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും പ്രതിനിധീകരിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. മുൻകൂർ അനുമതിയില്ലാതെ ഈ കാലയളവിൽ പ്രകടനം, പൊതുസമ്മേളനം, റാലി എന്നിവ നടത്താൻ പാടില്ല.