-teekaram-meena

കോട്ടയം: കള്ളവോട്ടിനെതിരെ ക്രിമിനൽ നടപടി സ്വീകരിച്ചതോടെ കള്ളവോട്ട് ചെയ്യിക്കുന്ന രാഷ്ടീയക്കാർക്കും ചെയ്യുന്ന പ്രവർത്തകർക്കും ഭയമായിത്തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോട്ടയം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. മഞ്ചേരിയിൽ വെബ് കാമറ വച്ചപ്പോൾ ഒരു സ്ത്രീയുടെ കള്ളവോട്ട് കണ്ടു പിടിച്ചു ഇവർക്കെതിരെ ക്രിമിനൽ കേസെടുത്തതായും അദ്ദേഹം പറഞ്ഞു..

വോട്ടേഴ്സ് ലിസ്റ്റിൽ പുതുതായി പേര് ചേ‌ർക്കുന്നതിനൊപ്പം നിലവിൽ പേരുള്ളവർക്ക് ഓൺലൈനിൽ പരിശോധിക്കാനും അവസരമുണ്ട് . നവംബർ 25ന് കരട് വോട്ടർ പട്ടികയും ജനുവരി 20ന് അവസാന വോട്ടേഴ്സ് ലിസ്റ്റും പ്രസിദ്ധികരിക്കും. സംസ്ഥാനത്തെ 25000 ബൂത്തിലും ബൂത്ത് ലെവൽ ഓഫീസർമാരുണ്ട്. രാഷ്ടീയ പാർട്ടികൾ ഓരോ ബൂത്തിലും ഏജന്റിനെ നിയമിച്ച് വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കണം. .

വട്ടിയൂർക്കാവിൽ എൻ.എസ്.എസ് ജാതി പറഞ്ഞു വോട്ട് പിടിച്ചെന്ന പരാതിയിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കേരളകോൺഗ്രസ് എം ചെയർമാൻ, പാർട്ടി, ചിഹ്നം വിഷയങ്ങളിലെ തർക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരിശോധിക്കുന്നത്. ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് അധികാരമെന്ന ഭരണഘടന അനുസരിച്ച് പി.ജെ.ജോസഫിനാണ് ചിഹ്നം അനുവദിക്കാൻ നിലവിൽ അധികാരം. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കരുതെന്നു പറഞ്ഞ തന്നോട് രാഷ്ടീയക്കാർക്ക് നീരസമായിരുന്നു. മീണ അച്ചടക്കം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞവർ, താൻ ഉറച്ച നിലപാട് സ്വീകരിച്ചതോടെ അംഗീകരിക്കാൻ തയ്യാറായി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഭീരുത്വം കാണിക്കരുതെന്ന പാഠമാണ് കേരളം തനിക്ക് നൽകിയതെന്നും മീണ പറഞ്ഞു.