കോട്ടയം: സവോളയുടെയും പച്ചക്കറിയുടെയും അടക്കമുള്ള അവശ്യ വസ്‌തുക്കളുടെ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ, വിപണിയിലെ ഇടനിലക്കാരെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സവാള, പച്ചക്കറി, പാചകവാതകം, വൈദ്യുതി, പലചരക്ക് സാധനങ്ങളുടെയെല്ലാം വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അനിയന്ത്രിതമായ വിലക്കയറ്റം കേരള ടൂറിസത്തെയും, ഹോട്ടൽ വ്യവസായത്തെയും ഇല്ലാതാക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിപണിയിലെ ഇടനിലക്കാരെ ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഭക്ഷ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ രക്ഷാധികാരി സുകുമാരൻ നായർ, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ എന്നിവർ പ്രസംഗിച്ചു.