തിരുനക്കരക്കാരുടെ സ്വന്തം ശിവനെതിരെ നടക്കുന്ന ക്രൂരതകൾ കണ്ട് മടുത്തു. ഇനിയും ആ മിണ്ടാപ്രാണിയെ കൊല്ലാക്കൊല ചെയ്യരുതെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. മദപ്പാടില്ലാത്ത ശിവൻ ഇടയാൻ കാരണം പാപ്പാൻമാരുടെ മർദ്ദനമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടു പാപ്പാൻമാരുടെ മർദ്ദനമേറ്റ് വിരണ്ടോടിയതോടെ മുകളിലിരുന്ന പാപ്പാൻ വീണു മരിച്ച ദുരന്തത്തിന് ആന ഉത്തരവാദിയല്ല. കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധന്മാരുടെ മർദ്ദനത്തിനും ശിവൻ ഇരയായി. ശിവന് നിൽക്കാൻ രണ്ട് ആനത്തറ തിരുനക്കര ക്ഷേത്രവളപ്പിലുണ്ട്. പിന്നെ എന്തിന് ചെങ്ങളത്ത് തളച്ചു മർദ്ദിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
ആനപ്പിണ്ടവും തീറ്റയുടെ ബാക്കിയും തിരുനക്കര ക്ഷേത്രത്തിൽ കുന്നുകൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്യാൻ ഫണ്ടില്ലാത്തതായിരുന്നു ചെങ്ങളത്തിലേക്ക് ആനയെ മാറ്റാൻ കാരണം. ക്ഷേത്ര വളപ്പിൽ ഒരു ഇൻസിനറേറ്റർ സ്ഥാപിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിനും ഫണ്ടില്ലത്രേ. ശിവന്റെ മാത്രം പാപ്പാന്മാരെ തുടരെ മാറ്റിക്കൊണ്ടിരിക്കുന്നു. എട്ടുപേരെ ഇതിനകം മാറ്റി. ആനയുമായി ഇണങ്ങിയ പാപ്പാന്മാരെ എന്തിന് മാറ്റുന്നുവെന്ന ചോദ്യത്തിനും ഉത്തരമില്ല. ആനയുമായി അടുത്ത മനോജ് എന്ന പാപ്പാനെ ചിറക്കടവ് ക്ഷേത്രത്തിലേക്ക് മാറ്റി. ആന വിരണ്ടോടിയപ്പോൾ മനോജിനെ വിളിച്ചു വരുത്തേണ്ടി വന്നു. ശിവനെ കൊല്ലാക്കൊല ചെയ്യുന്നത് തുടരണമെങ്കിൽ മനോജ് പാപ്പാനായി ഉണ്ടാവരുതെന്നു മനസിലാക്കി വീണ്ടും പറപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന് ആനപ്രേമികൾ ആരോപിക്കുന്നു.
മാറി മാറി വരുന്ന പാപ്പാന്മാരെ ആന അനുസരിക്കണമെങ്കിൽ കുറഞ്ഞത് മൂന്നുമാസമെടുക്കും. അടിച്ചും പേടിപ്പിച്ചും കൊമ്പു കുത്തിച്ചാണ് ഓരോരുത്തരും ചട്ടം പഠിപ്പിക്കുന്നത്. തീറ്റ താഴെയിട്ടതിന് പാപ്പാന്മാർ അടിച്ചു പേടിപ്പിച്ചതിനാലാണ് ശിവൻ വിരണ്ടോടിയതും ആനയെ നിയന്ത്രിക്കാൻ ശ്രമിച്ച പാപ്പാൻ പോസ്റ്റിനും ആനയുടെ വയറിനുമിടയിൽ ഞെരിഞ്ഞ് മരിച്ചതും. ഇതൊന്നും അന അറിഞ്ഞിട്ടില്ല . ആദ്യമായിട്ടല്ല വാഹന തിരക്കുള്ള റോഡിലൂടെ ശിവനെ കൊണ്ടു പോവുന്നത്. ബസിന്റെ ഹോൺ കേട്ടാണ് വിരണ്ടതെന്നു പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല. പാപ്പാന്മാർ മർദ്ദിച്ചതിന് നിരവധി സാക്ഷികളുണ്ടായിട്ടും ഒപ്പമുണ്ടായിരുന്ന പാപ്പാൻമാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതേ സമയം സാമൂഹ്യവിരുദ്ധർ ആനയെ മർദ്ദിച്ചിട്ടും പാപ്പാൻ മനോജാണ് മർദ്ദിച്ചതെന്ന് വരുത്തി തീർക്കാനും ശ്രമമുണ്ടായി. ഇതിന് പിന്നിൽ ആരുടെയൊക്കെ കറുത്ത കൈകൾ പ്രവർത്തിച്ചുവെന്ന ഹിഡൻ അജൻഡയാണ് ഇനി പുറത്തു കൊണ്ടു വരേണ്ടത്.
തലയെടുപ്പുള്ള ആനയായ ശിവനെ കുഴപ്പക്കാരനാക്കി ചിത്രീകരിച്ച് മാറ്റി നിറുത്തി ചില ആന മുതലാളിമാരുടെ താത്പര്യത്തിന് ദേവസ്വം ബോർഡിലെയും ഉപദേശകസമിതിയിലെയും ചിലർ കൂട്ടുനിന്നുവെന്ന ആരോപണവും അന്വേഷിക്കണം. തലയെടുപ്പോടെ തൃശൂർ പൂരത്തിന് വരെ എഴുന്നള്ളിച്ച തിരുനക്കരക്കാരുടെ ഓമനയായ ശിവൻ ഇതുവരെ ഒരു കുട്ടിയെപോലും നോവിച്ചിട്ടില്ല. വർഷങ്ങൾക്കു മുമ്പ് വിശ്വനാഥൻ എന്ന ആനയെ തിരുനക്കര ക്ഷേത്ര വളപ്പിലിട്ടു തല്ലിക്കൊന്നതിന് സാക്ഷിയായവർ ഇന്നുമുണ്ട്. പാപ്പാന്മാരെ നിരന്തരം മാറ്റി ശിവനെയും തല്ലി കൊല്ലരുതേ, കൊലയാളിയാക്കി മാറ്റരുതേ ....എന്നാണ് ബന്ധപ്പെട്ടവരോട് ചുറ്റുവട്ടത്തിന്റെ വീനീതമായ അഭ്യർത്ഥന !