പാലാ : കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ കോംപ്ലക്‌സ് നിർമ്മാണം പൂർത്തിയാക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്നു ഒന്നരക്കോടി രൂപ അനുവദിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. പാലാ ഡിപ്പോ സന്ദർശിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് എം. എൽ.എ ഇക്കാര്യം അറിയിച്ചത്. കെട്ടിടനിർമ്മാണം പാതിവഴിയിൽ നിലച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായില്ല. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് യോഗം വിളിച്ചത്. മുടങ്ങിക്കിടക്കുന്നതും ലാഭകരമാകാൻ സാദ്ധ്യതയുള്ളതും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ സർവീസുകൾ പുന:രാരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലച്ചുപോയ സർവീസുകൾ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ നൽകിയ നിവേദനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ എം.എൽ.എ നിദ്ദേശിച്ചു. കെ.എസ്.ആർ.ടി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ എം.ടി സുകുമാരൻ,എസ്‌റ്റേറ്റ് ഓഫീസർ ചന്ദ്രബാബു, എക്‌സിക്യുട്ടീവ് എൻജിനിയർ ശ്രീവൽസൻ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ഉബൈദ്,എ.ടി.ഒ ഷിബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.