കൂരാലി : പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ അവശേഷിക്കെ എലിക്കുളം ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയവുമായി യു.ഡി.എഫ്. ഭരണസമിതിയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകി. 13 ന് അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും. ഒൻപതുപേരുടെ പിന്തുണ ലഭിച്ചാലേ വിജയിക്കൂ. 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴ് അംഗങ്ങൾ വീതമാണുള്ളത്. ബി.ജെ.പി.ക്ക് രണ്ടംഗങ്ങളുണ്ട്. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ഭരണം കൈയാളിയത്. സി.പി.എമ്മിലെ എം.പി.സുമംഗലാദേവിയാണ് പ്രസിഡന്റ്. എൽ.ഡി.എഫ്.സ്വതന്ത്രനായി വിജയിച്ച വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടവും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്ടും അസംതൃപ്തിയിലാണ്. ഇവരുടെ നിലപാടുകളാണ് നിർണായകമാകുക.