പാലാ: ജോസ് കെ. മാണിയുടെ പിന്നിൽ അടിയുറച്ചു നിൽക്കുമെന്നും മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാന
രഹിതമാണെന്നും മുൻ ധാരണപ്രകാരം അടുത്ത നഗരസഭാദ്ധ്യക്ഷയാകേണ്ട മേരി ഡൊമിനിക്ക് വ്യക്തമാക്കി. ജോസ് കെ. മാണി എം.പിയുടെ വസതിയിൽ ചേർന്ന കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിൽപ്പെട്ട ഭരണപക്ഷ കൗൺസിലർമാരുടെ യോഗത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. എന്നാൽ അടുത്തിടെ ജോസഫ് ഗ്രൂപ്പിലേക്കു പോയ നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനെ അനുകൂലിക്കുന്ന അഞ്ച് കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തില്ല. തന്നെ കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അതു തിരുത്തണമെന്നും ചെയർപേഴ്‌സൺ സ്ഥാനം നൽകണമെന്നും പാർട്ടി നേതൃത്വത്തോടും മേരി അപേക്ഷിച്ചു.

ചെയർപേഴ്‌സൺ ആക്കിയതിനു ശേഷം തങ്ങളുടെ നിലപാടുകൾക്ക് എപ്പോഴെങ്കിലും എതിരുനിന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് സ്ഥാനം മേരി ഡൊമിനിക്കിന് കൈമാറാൻ ജോസ് വിഭാഗം നേതൃത്വം സമ്മതം മൂളിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ നിലവിലെ ചെയർപേഴ്‌സൺ ബിജി ജോജോ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്ഥാനം രാജിവയ്ക്കും.