പാലാ : മീനച്ചിൽ യൂണിയന് കീഴിലെ ശാഖകളിൽ വനിതാസംഘങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 'ഉണരൂ ശാരദാംബേ' കർമ്മപദ്ധതി നടപ്പാക്കുമെന്ന് യൂണിയൻ കൺവീനർ സോളി ഷാജി തലനാട് പറഞ്ഞു. മുഴുവൻ ശാഖകളിലും ഡിസംബർ 31 ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി ചുമതലയേൽക്കും. പുതുവർഷത്തിൽ പ്രവർത്തനങ്ങളുടെ പുത്തൻ അരുണോദയം എന്ന ലക്ഷ്യവുമായാണ് 'ഉണരൂ ശാരദാംബേ ' കർമ്മത്തിലേക്ക് യൂണിയൻ ചുവടുവയ്ക്കുന്നതെന്നും വനിതാസംഘം ശാഖാതല നേതാക്കളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സോളി ഷാജി പറഞ്ഞു. മീനച്ചിൽ യൂണിയൻ നേതാക്കളുടെ അനുവാദത്തോടെയും, പിന്തുണയോടെയും മറ്റ് വിവിധ കർമ്മപദ്ധതികൾ നടപ്പാക്കാനും ശാഖാതല യോഗം തീരുമാനിച്ചു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിൽ ശാഖകളിൽ നിന്ന് കഴിയുന്നത്ര ടീമുകളെ പങ്കെടുപ്പിക്കാനും തീരുമാനമായി. വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം അംബികാ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു മനത്താനം, കുമാരി ഭാസ്‌ക്കരൻ, രാജി ജിജിരാജ് എന്നിവർ പ്രസംഗിച്ചു.