പൊൻകുന്നം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ഡോ.എൻ ജയരാജ് എം.എൽ.എ നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ജയ ശ്രീധർ, ഷക്കീല നസീർ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ .ആർ. സാഗർ, ജയാ ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ റോസമ്മ ടീച്ചർ, ബീനാ ജോബി,ആശുപത്രി സൂപ്രണ്ട് ഡോ.എം. ശാന്തി, മുൻ സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യൻ, ആർ.എം.ഒ ഡോ.റീനു റഷീദ്, സി.എം.ഒ ഡോ.പി.ജി.മനീഷ് കുമാർ, പി.വി.ജോയ്, എച്ച്.അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
റെഡ്, യെല്ലോ, ഗ്രീൻ ഏരിയ
ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ആദ്യ പരിഗണന ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവർക്ക് റെഡ് ഏരിയയിലും, അടിയന്തിര വൈദ്യസഹായം ആവശ്യമില്ലാത്തവർക്ക് യെല്ലോ ഏരിയയിലും, മറ്റുള്ളവർക്ക് ഗ്രീൻ ഏരിയയിലുമാണ് ചികിത്സ. അത്യാഹിത വിഭാഗത്തിൽ തന്നെ ക്രമീകരിച്ചിരിക്കുന്ന ട്രിയേജ് ഏരിയയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് രോഗിക്ക് ഏത് വിഭാഗത്തിലെ ചികിത്സയാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത്. ട്രിയേജ് ഏരിയയിൽ പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സാകും പ്രാഥമിക പരിശോധന നടത്തുന്നത്. ആധുനിക സൗകര്യങ്ങളോടെ കൂടിയ മൂന്ന് ബെഡ്ഡുകളും, റെഡ് ഏരിയയിൽ മൂന്ന് പേരെ ഒരേ സമയം കിടത്തി അടിയന്തിര വൈദ്യസഹായം നല്കാനുമുള്ള സംവിധാനവുമുണ്ട്.