പാലാ : ഒരു മഴയ്ക്ക് ശേഷം പാലാ - പൂഞ്ഞാർ ഹൈവേയിലെ ചെത്തിമറ്റം ഭാഗത്തു കൂടി വാഹനമോടിച്ചു വരുന്നവർ ഒന്നമ്പരക്കും. ഒറ്റ മഴയിൽ ഇവിടെ റോഡ് തോടാകുന്ന അത്ഭുതമുണ്ട്. സംഭാവന, പി.ഡബ്ല്യു.ഡി.യുടെയും നഗരസഭയുടെയും വക. ഉത്തരവാദിത്തം പക്ഷെ ഇരുകൂട്ടരും ഏറ്റെടുക്കില്ലെന്ന് മാത്രം. ഗതാഗതത്തിന് തടസം സൃഷ്ടിക്കുകയാണീ വെള്ളക്കെട്ട്. ഹൈവേയിലെ ചെത്തിമറ്റം ആർ.ടി ഓഫീസിന് സമീപവും പഴയ ആയുർവേദ ആശുപത്രിയ്ക്ക് സമീപവുമാണ് ഒറ്റമഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്.
ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇവിടെ ഒന്നരയടിയോളം വെള്ളക്കെട്ട് ഉയർന്നിരുന്നു. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധത്തിലായിരുന്നു വെള്ളം. ആർ.ടി ഓഫീസിന് സമീപത്തെ വെള്ളക്കെട്ട് യാത്രക്കാർക്കൊപ്പം സമീപത്തെ വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്ത് വെള്ളം ഒഴുകിപ്പോകാൻ പാകത്തിന് ഒരുക്കിയിരുന്നെങ്കിലും കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തതിനെ തുടർന്ന് ഓടകളും കോൺക്രീറ്റും തകർന്നതോടെയാണ് വെള്ളക്കെട്ടും ചെളിക്കൂനയും രൂപപ്പെട്ടത്.
യാത്രക്കാരും വ്യാപാരികളും പാലാ മുനിസിപ്പൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പൊതുമരാമത്ത് വകുപ്പിനാണു ചുമതലയെന്ന് പറഞ്ഞ് കൈയ്യൊഴിയുകയായിരുന്നെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.. എന്നാൽ റോഡിന്റെ ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നാണ് പൊതുമരാമത്തിന്റെ മറുപടി. ഓടകൾ വൃത്തിയക്കേണ്ടത് നഗരസഭയുടെ ജോലിയാണെന്നും പറഞ്ഞ് പൊതുമരാമത്ത് വകുപ്പും ജനകീയ ആവശ്യം നിരസിച്ചതോടെ നാളുകളായുള്ള യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

ചെറുവാഹനങ്ങൾക്ക് ദുരിതം

ഓടകളും കോൺക്രീറ്റും തകർന്നു

വ്യാപാരികളും ബുദ്ധിമുട്ടിൽ

വെള്ളക്കെട്ട് ഒഴിവാക്കണം
ചെത്തിമറ്റം ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണം. വെള്ളക്കെട്ടുമൂലം അപകട സാധ്യതയുണ്ട്.
രവി പാലാ, മുൻ മുനിസിപ്പൽ കമ്മിഷണർ പാലാ