i

തലയോലപ്പറമ്പ്: മുളക്കുളം പഞ്ചായത്തിലെ ഇടയാറ്റുപാടശേഖരം തകർത്തവരും, തകർക്കാൻ കൂട്ടുനിന്നവരും ലക്ഷങ്ങൾ വാരിയപ്പോൾ കർഷകർക്കും പ്രദേശവാസികൾക്കും ലഭിച്ചത് കണ്ണീർ മാത്രം. 700 ഏക്കറോളം വരുന്ന വൈക്കം താലൂക്കിലെ പ്രധാന പാടശേഖരങ്ങളിൽ ഒന്നാണ് മുളക്കുളം ഇടയാറ്റ്പാടശേഖരം. മൂന്ന് പതിറ്റാണ്ട് മുമ്പാണ് പാടശേഖരത്ത് ഇഷ്ടിക നിർമ്മാണം തുടങ്ങിയത്. ആദ്യകാലത്ത് മനുഷ്യനിർമ്മിതമായി ചെളി പാടത്ത് നിന്നും വെട്ടി കോരിയെടുത്താണ് ഇഷ്ടിക നിർമ്മാണം നടന്നിരുന്നത്. എന്നാൽ ലാഭം കണ്ടതോടെ വൻ മാഫിയകൾ പാടശേഖരങ്ങൾ അധികവും വിലയ്ക്ക് വാങ്ങി ഇഷ്ടിക നിർമ്മാണം ജെ സി ബി,ഹിറ്റാച്ചി തുടങ്ങിയവ ഉപയോഗിച്ച് യന്ത്രവത്ക്കരിച്ച് വൻതോതിൽ നിർമ്മാണ പ്രവർത്തനം വിപുലീകരിക്കുകയായിരുന്നു. ഇതോടെ ഇരുന്നൂറ് ഏക്കറോളം പാടത്ത് പല ഭാഗങ്ങളിലും 30 കോലിൽ അധികമുള്ള വൻകുഴികൾ രൂപപ്പെട്ടത് മൂലം ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റിടങ്ങളിൽ പോലും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമായി. പാടശേഖരത്തിലെ വൻകുഴികൾ മത്സ്യസമ്പത്തിന് വരെ ഭീഷണിയായി മാറി. 24 ഇഷ്ടിക ചൂളകൾ ഒരുമിച്ച് തീയിട്ടു തുടങ്ങിയതോടെ വിഷ പുക ശ്വസിച്ച് പ്രദേശത്തെ നിരവധി പേർക്ക് മാരക രോഗങ്ങൾ വരെ പിടിപെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രതിക്ഷേധം ശക്തമായതോടെ സർവ്വകക്ഷി യോഗത്തിൽ മുളക്കുളം ഗ്രാമ പഞ്ചായത്ത് ഉണ്ടാക്കിയ കരാർ പ്രകാരം രണ്ടു വർഷം കൊണ്ട് ഇഷ്ടിക നിർമ്മാണം അവസാനിപ്പിച്ചു കൊള്ളാമെന്ന് കളം ഉടമകൾ പത്ത് വർഷം മുമ്പ് ഉടമ്പടി ഉണ്ടാക്കിയെങ്കിലും പിന്നീട് നെൽവയൽ നീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തി മണ്ണെടുക്കൽ പൂർവാധികം ശക്തിയായി തുടരുകയാണ് ചെയ്തത്. പിന്നീട് പ്രദേശത്തെ സി പി ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി നിരവധി പരാതികളും, കേസുകളും നൽകിയതിനെ തുടർന്ന് കോടതി വിധി വന്നതോടെ 6 മാസം നടന്ന് കൊണ്ടിരുന്ന ഇഷ്ടിക നിർമ്മാണം മൂന്ന് മാസമാക്കി നിജപ്പെടുത്തുകയായിരുന്നു. ഇക്കാലത്തിനിടയിൽ പാടശേഖരത്തിലെ കുളത്തിൽ വീണ് പ്രദേശവാസികളായ കുട്ടികളും മുതിർന്നവരും ഇതര സംസ്ഥാന തൊഴിലാളികളും അടക്കം 12 ഓളം പേർ മരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ചൂളയ്ക്ക് തീയിട്ടപ്പോൾ തീ പടർന്ന് സമീപത്തെ തൊട്ടിലിൽ ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞ് വെന്തുമരിച്ചിരുന്നു. നിയമ പോരാട്ടത്തിനൊടുവിൽ കളങ്ങളുടെ എണ്ണം 24ൽ നിന്നും 4 ആയി ചുരുങ്ങിയെങ്കിലും പാടശേഖരങ്ങളിൽ കുഴികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് തന്നെ ഇരിക്കുകയാണ്. ഇഷ്ടിക നിർമ്മാണത്തിനും, മണൽ കുഴിച്ചെടുക്കുന്നതിനുമായി വെറും കൈയ്യോടെ വന്നവർ പാടം അഗാധത്തിൽ കുഴിച്ച് മണ്ണ് ചുട്ട് കൊള്ളലാഭം ഉണ്ടാക്കി ലക്ഷങ്ങൾ സമ്പാദിക്കുമ്പോൾ പടശേഖരങ്ങളിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയായി മാറിയിരിക്കുകയാണ്. പാടശേഖരം തകർന്ന് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തോടൊപ്പം വൻകുഴികൾ ജീവന് വരെ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്സ്യ ബന്ധനത്തിനായി പോയ തൊഴിലാളി ഇവിടത്തെ വൻകുഴിയിൽ അകപ്പെട്ട് മരിച്ചതാണ് ഒടുവിലത്തെ സംഭവം.ഇയാളുടെ മരണത്തിനിടയാക്കിയ താഴ്ചയുള്ള കുഴി വില്ലേജ്, കൃഷി വകുപ്പ് അധികൃതരെ നേരിട്ട് പ്രദേശവാസികൾ നിരവധി തവണ ബോദ്ധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആരോപണം ശക്തമാണ്. ഇഷ്ടികകളത്തിന് മണ്ണെടുക്കാൻ വേണ്ടി പാടം ആധാരം പോലും ചെയ്യാതെയാണ് പലരും വാങ്ങിയിരിക്കുന്നത്. അത്യാഹിതങ്ങൾ സംഭവിച്ചാൽ സ്ഥലം ഉടമയാണ് ഉത്തരവാദിത്വം പറയേണ്ടത്. ഒരു കാലത്ത് മുളക്കുളം പഞ്ചായത്തിന്റെ നെല്ലറയായ ഇടയാറ്റ് പാടശേഖത്തെ വലിയ കുഴികൾ കാത്തു കിടക്കുന്നത് ഇപ്പോൾ അപകടക്കെണി ഒരുക്കിയാണ്. അപകടങ്ങൾ ഇനിയും ആവർത്തികപ്പെടാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ ഇനിയെങ്കിലും ഉയർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യം ശക്തമാണ്.

അനധികൃതമായി അഗാധത്തിൽ പാടം കുഴിച്ചുണ്ടാക്കിയ കുഴിയിൽ വീണ് അപകടമരണം സംഭവിച്ചാൽ സ്ഥല ഉടമകൾക്കെതിരെയും കളം നടത്തിപ്പുകാർക്കെതിരെയും പ്രതിയാക്കി കേസ് എടുക്കുകണം പ്രദേശവാസികൾ