കോട്ടയം: ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭയും പൊലീസും തമ്മിലുള്ള പോര് മുറുകുന്നു.

നിയമപരമായും അടിയന്തരസാഹചര്യം കണക്കിലെടുത്തും തങ്ങളാലാകുന്നതെല്ലാം ചെയ്തിട്ടും പൊലീസ് തെറ്റായ വാർത്ത പ്രചരിപ്പിച്ച് തങ്ങളെ അപകീർത്തിപ്പെടുത്തുകയാണെന്ന് നഗരസഭ ആരോപിച്ചു. ദുഷ് പ്രചാരണം മുഖവിലയ്ക്കെടുത്ത് ഒരു യുവജന പ്രസ്ഥാനം നഗരസഭയിലേക്ക് മാർച്ച് നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ചെയർമാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. അനാവശ്യമായി സംഘർഷാവസ്ഥ സൃഷ്ടിച്ച ഏറ്റുമാനൂർ പൊലീസിനെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡി.ജി.പി. ജില്ലപൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നവജാതശിശുവിന്റെ മൃതദേഹം പൊലീസുകാർ തന്നെ കുഴിയെടുത്ത് സംസ്കരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം.

വ്യാഴാഴ്ച പുലർച്ചെ മരിച്ച കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ പൊലീസാണ് ഏറ്റുവാങ്ങിയത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന സ്ത്രീയുടെ കുട്ടി ആയതിനാൽ മൃതദേഹം ഏറ്റെടുക്കാൻ ആരും ഉണ്ടായില്ല. പിന്നീട് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഏറ്റുമാനൂർ നഗരസഭ സഹകരിച്ചില്ലെന്നായിരുന്നു പൊലീസിന്റെ ആരോപണം. 36 മണിക്കൂർ നീണ്ട തർക്കങ്ങൾക്കൊടുവിൽ നഗരസഭയുടെ ശ്മശാനത്തിൽ പൊലീസുകാർ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ പൊലീസിന്റെ വാദം വസ്തുതാവിരുദ്ധമെന്നാണ് നഗരസഭയുടെ വിശദീകരണം. മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ നടന്ന മരണമായതുകൊണ്ട് സംസ്കാരം സംബന്ധിച്ച ചുമതലകൾ അവിടെയാണ് നടത്തേണ്ടത്. എന്നിരുന്നാലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ശ്മശാനം വിട്ടുനൽകുകയും ആവശ്യത്തിന് ജീവനക്കാരെ അയയ്ക്കുകയും ചെയ്തിട്ടും പൊലീസ് ഇതെല്ലാം നിരാകരിച്ച് സ്വന്തം നിലയിൽ ജഡം മറവുചെയ്യുകയായിരുന്നു. അതിനുശേഷം തങ്ങളെ അപമാനിക്കുന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും നഗരസഭ ഭരണസമിതി ആരോപിച്ചു.