പൊൻകുന്നം : സ്വാതന്ത്ര്യസമരകാലത്ത് നിരവധി സമ്മേളനങ്ങൾക്കും സമരങ്ങൾക്കും സാക്ഷിയായ പൊൻകുന്നം രാജേന്ദ്രമൈതാനത്ത് സ്വാതന്ത്ര്യസമര സ്മാരക നിർമ്മാണം ഉടൻ തുടങ്ങും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. എൻജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധന നാളെ നടക്കും. 1947 ജൂലായിൽ തിരുവനന്തപുരത്ത് പേട്ട മൈതാനിയിൽ സ്വാതന്ത്ര്യസമരഭാഗമായി നടന്ന സമ്മേളത്തിൽ വെടിയേറ്റ് മരിച്ച രാജേന്ദ്രൻ എന്ന പതിമൂന്നുകാരന്റെ സ്മരണക്കായാണ് പൊൻകുന്നത്ത് വണ്ടിപ്പേട്ടയായിരുന്ന മൈതാനത്തിന് രാജേന്ദ്രമൈതാനം എന്ന പേരിട്ടത്. എ.കെ.പാച്ചുപിള്ളയുടെ നേതൃത്വത്തിൽ പി. ചന്ദ്രശേഖരൻനായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗമാണ് പുത്തൻകിണറിനു മുമ്പിലുള്ള പ്രദേശത്തിന് രാജേന്ദ്രമൈതാനം എന്ന് നാമകരണം ചെയ്തത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കിണർ ഉൾപ്പെടുന്ന മൈതാനമാണിത്. ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം നടന്നപ്പോൾ അതിന്റെ സ്മരണയ്ക്കായാണ് ഈ മൈതാനത്ത് കിണർ നിർമ്മിച്ചത്. മൈതാനത്ത് സ്റ്റേജും ഇപ്പോൾ മിനിലോറി പാർക്കിംഗിനായി ഉപയോഗിക്കുന്ന ഭാഗവും മേൽക്കൂരയിട്ട് സംരക്ഷിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. കിണർ നവീകരിച്ച് നിലനിറുത്തും. സ്വാതന്ത്ര്യസമര സ്മരണകളുണർത്തുന്ന കമനീയകവാടവും മൈതാനത്തിനുണ്ടാവും.