കോട്ടയം: അരിതൊട്ട് പച്ചക്കറിവരെ തൊട്ടതിനെല്ലാം തീവില. കാരണം ചോദിക്കുമ്പോൾ മഴയും വെള്ളപ്പൊക്കവും ചൂണ്ടിക്കാട്ടും. പക്ഷേ, മഴയും വെള്ളപ്പൊക്കവും എവിടെയാണെന്നു ചോദിച്ചാൽ - ദോ... അങ്ങ് ദൂരെ .. എന്നാണ് മറുപടി. ചോദിക്കാനും പറയാനും സർക്കാരും ജീവനക്കാരുമില്ലാത്ത നാട്ടിൽ പച്ചക്കറിയും അരിയും വാങ്ങാനെത്തുന്ന നാട്ടുകാരെ ഞെക്കിപ്പിഴിഞ്ഞെടുക്കുകയാണ് കട ഉടമകൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ പച്ചക്കറിയുടെ വിലയിൽ ഇരട്ടിയുടെ വർദ്ധനവാണ് ജില്ലയിലെ മാർക്കറ്റുകളിൽ ഉണ്ടായത്. 30 രൂപയിൽ കിടന്ന സവാളയുടെ വില ഒറ്റയടിയ്‌ക്കു കുതിച്ച് കയറിയത് എൺപതിലേയ്‌ക്കും തൊണ്ണൂറിലേയ്‌ക്കുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വില ഒരു ശതമാനം വരെ കുറഞ്ഞെങ്കിലും, ഇതൊന്നും മാർക്കറ്റിൽ പ്രതിഫലിക്കുന്നില്ല. ഇടനിലക്കാർ തന്നെയാണ് ഇടയ്‌ക്കുനിന്ന് നേട്ടം കൊയ്യുന്നവർ. മഹാരാഷ്‌ട്രയിൽ നിന്നാണ് സവാള എത്തുന്നതെന്നും, അവിടെ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായതായുമാണ് ഇടനിലക്കാരുടെ വാദം. എന്നാൽ, വില കൂടുന്നതിന് അനുസരിച്ച് ആവശ്യത്തിന് സവാള എത്തുന്നുണ്ട്. ഇതെന്ത് മറിമായമെന്ന് ചോദിച്ചാൽ പക്ഷേ, ഇവർ മറുപടി പറയില്ല.

എന്നാൽ, കോട്ടയത്തേയ്‌ക്ക് എത്തുന്ന പച്ചക്കറികളിൽ ഏറെയും കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇവിടെ പച്ചക്കറി മാർക്കറ്റുകളിൽ ഈ തീവില ഇല്ല. വ്യാപാരികൾക്ക് നേരിട്ട് പച്ചക്കറി എടുക്കാൻ സാധിക്കില്ല. കേരളത്തിൽ നിന്നുള്ള ഇടനിലക്കാർ ഈ മാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങി എത്തിക്കുകയാണ് പതിവ്. ഈ ഇടനിലക്കാരാണ് വില നിശ്‌ചയിക്കുന്നതും. ഇത് തടയാനും പരിശോധന നടത്താനും ഉദ്യോഗസ്ഥർ തയ്യാറാകുന്നുമില്ല.

വിലകൂട്ടാൻ ഹോട്ടലുകളും

പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെ വില കൂടുന്നതിന് അനുസരിച്ച് ജില്ലയിൽ ഹോട്ടലുകളും വിലകൂട്ടാൻ ഒരുങ്ങുകയാണ്. ഹോട്ടലുകളുടെ പ്രവർത്തനചെലവ് ഇരട്ടിയായി വർദ്ധിച്ചതായാണ് ഇവരുടെ വാദം. നേരത്തെ 1500 മുതൽ 1700 രൂപയ്‌ക്കു വരെ പച്ചക്കറി എടുത്തിരുന്ന ഇടത്തരം ഹോട്ടലുകളിൽ ഇപ്പോൾ മൂവായിരം രൂപയ്‌ക്കു പച്ചക്കറി വാങ്ങിയാൽ പോലും തികയാതായത്രെ. എന്നാൽ, ചിക്കൻ വില നൂറിൽ താഴെ പോയിട്ടും ഇവർ ചിക്കൻ ഫ്രൈയുടെയും കറിയുടെയും വില കുറയ്‌ക്കാൻ ഹോട്ടലുകൾ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പച്ചക്കറി വില കൂടിയതിന്റെ പേരിൽ ഹോട്ടലുകൾ ഭക്ഷണത്തിന്റെ വില കൂട്ടാൻ തയ്യാറെടുക്കുന്നത്.

കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പുമാണ് സാധനങ്ങളുടെ വില വർദ്ധിക്കാൻ കാരണം. ഇടയ്‌ക്കു നിന്ന് സാധനങ്ങൾ ചവിട്ടിപ്പിടിക്കുന്ന ഇത്തരക്കാരാണ് വില കുതിച്ചുകയറാൻ കാരണം. വിലകൂടും വരെ സാധനങ്ങൾ പൂഴ്‌ത്തി വയ്‌ക്കുന്ന ഈ അദൃശ്യ ശക്‌തികളെ തൊടാൻ ആർക്കും സാധിക്കുന്നില്ല.

വ്യാപാരി, കോട്ടയം