കോട്ടയം: ബാങ്ക് ജപ്തി നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചവർ ബാങ്ക് ജീവനക്കാരെ ആക്രമിച്ചതിലും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ അപലപിച്ചു. കോടതി മുഖാന്തിരം കോർപ്പറേഷൻ ബാങ്ക് ജപ്തി ചെയ്ത തിരുവാർപ്പ് പഞ്ചായത്ത് അംഗം റേച്ചൽ ജേക്കബിന്റെ വീടിൽ താക്കോൽ കൈവശപ്പെടുത്തുകയും, ബാങ്ക് ജീവനക്കാരായ എസ്.ധർമ്മരാജ, ലക്ഷ്മി, ശാലിനി എന്നിവരെ ആക്രമിക്കുകയും ചെയ്തതായും കോൺഫെഡറേഷൻ ആരോപിച്ചു. നിയമപ്രകാരം മാത്രം ബാങ്ക് ജീവനക്കാർ പ്രതികരിച്ചപ്പോഴാണ് ഇവരെ ആക്രമിച്ചതെന്നും കോൺഫെഡറേഷൻ ആരോപിക്കുന്നു. ഐ.ഐ.ബി.ഒ.സി അംഗങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി കോർപ്പറേഷൻ ബാങ്കിൽ നിന്നും കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തി. എ.ഐ.ബി.ഒ.സി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീനാഥ് ഇന്ദുചൂഡൻ, ജില്ലാ പ്രസിഡന്റ് എ.ആർ രാജേഷ്, കോർപ്പറേഷൻ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ ജയമോഹൻ, എ.ഐ.ബി.ഒ.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.കെ സോണി, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ശ്രീരാമൻ എന്നിവർ പ്രസംഗിച്ചു.