കോട്ടയം : കർഷകരിൽ നിന്നും സപ്ലൈകോ ശേഖരിച്ച 13000 കിലോ അരി സ്വകാര്യ മില്ലുകാരും ഉദ്യോഗസ്ഥരും ചേർന്ന് കാലടിയിലെ സ്വകാര്യമില്ലിലേക്ക് കടത്തി. ആർപ്പൂക്കരയിലെ റാണി റൈസ് മില്ലിൽ നിന്നു ഒറവയ്‌ക്കലിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേയ്‌ക്കു കൊണ്ടുപോയ 260 ചാക്ക് അരിയാണ് കടത്തിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസമായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭരിച്ച നെല്ല് കുത്തി അരിയാക്കുന്നതിനായി ആർപ്പൂക്കരയിലെ റാണി റൈസ് മില്ലിൽ നൽകിയിരുന്നു. ഈ അരി രണ്ട് ലോഡുകളിലായി ഒറവയ‌്‌ക്കലിലെ സപ്ലൈകോ ഗോഡൗണിലേയ്‌ക്ക് അയച്ചു. എന്നാൽ, ഇവിടെ എത്തിയില്ല. അരി എത്തിയതായി രേഖകളിൽ കാട്ടിയ ശേഷം ലോറിയും, ലോഡും കാലടിയിലേയ്‌ക്ക് വിടുകയായിരുന്നു. ഇതു സംബന്ധിച്ചു വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് അന്വേഷണത്തിനായി വിജിലൻസ് ഇൻസ്‌പെക്‌ടർ സി.ബിനോജിനെ നിയോഗിച്ചു. റാണി റൈസിന്റെ ഗോഡൗണിലും, മില്ലിലും രഹസ്യ അന്വേഷണം നടത്തിയ ബിനോജ് അരിയുടെ ലോഡ് പുറപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ലോറി നമ്പരും അരിച്ചാക്കിന്റെ ബാച്ച് നമ്പരും ശേഖരിച്ചു.

കഴിഞ്ഞ ആഴ്‌ച വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജൻ, ഇൻസ്‌പെക്‌ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒറവയ്‌ക്കലിലെ ഗോഡൗണിൽ എത്തി. ലോഡും, അരിച്ചാക്കിന്റെ വിശദാംശങ്ങളും രജിസ്റ്രറിൽ രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. ഇതേ ബാച്ച് നമ്പരിലുള്ള അരിച്ചാക്കുകൾ കാട്ടിത്തരാൻ വിജിലൻസ് സംഘം ആവശ്യപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് സിവിൽ സപ്ലൈസ് വകുപ്പിനും, സപ്ലൈകോ അധികൃതർക്കും വിജിലൻസ് നൽകിയിട്ടുണ്ട്. ലോറി ഡ്രൈവറെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.

പിന്നിൽ ഗൂഢാലോചന

വിജിലൻസിനു പരാതിയും വിവരവും നൽകിയ സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് സപ്ലൈകോ ആരോപിക്കുന്നത്. തിരക്ക് മൂലം അരിച്ചാക്ക് എത്തിക്കുമ്പോൾ ബാച്ച് നമ്പർ പരിശോധിക്കാറില്ല. നാലു മാസം മുൻപ് ചുമതലയേറ്റെടുത്ത മാനേജരെ ഒഴിവാക്കുന്നതിനായി നടക്കുന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് ഇവർ പറയുന്നത്.

കാണാതായത് 50 കിലോ വീതമുള്ള 260 ചാക്ക് അരി

അരി പോയത് കാലടിയിലെ സ്വകാര്യ മില്ലിലേയ്‌ക്ക്

വിജിലൻസ് അന്വേഷണം ആരംഭിച്ചു