കോട്ടയം: പ്രവാചകന്റെ ഓർമ്മ പുതുക്കി മുസ്ലീം സമുദായം നബിദിനാചരണം നടത്തി. മഹല്ലുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു നബിദിനാചരണവും വിവിധ പരിപാടികളും. വിദ്യാർഥികളുടെ നേതൃത്വത്തിൽ നബിദിനസന്ദേശറാലി, മൗലിദ് പാരായണം, ദു:ആ മജ്‌ലിസ്,സ്വലാത്ത് എന്നിവ നടത്തി. ബാബറി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ നബിദിന റാലികൾ കർശന പൊലീസ് സുരക്ഷയിലാണ് നടന്നത്. മുൻകൂട്ടി നിശ്ചയ സ്ഥലങ്ങളിൽ നബിദിന റാലികളും നടന്നു. പള്ളികൾ കേന്ദ്രീകരിച്ച് മതപ്രഭാഷണവും അന്നദാനവിതരണവും നടത്തി.
താഴത്തങ്ങാടി ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ അറവുപുഴ ഹിദായത്തുൽ ഇസ്ലാം മദ്‌റസ, ആലൂംമൂട് നൂറുൽഹുദ, ഇസ്ലാഹിയ്യ മദ്‌റസ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നബിദിന സന്ദേശറാലി നടന്നു. തുടർന്ന് നടന്ന മൗലീദ് പാരായണത്തിനും ദുഃആക്കും താഴത്തങ്ങാടി ചീഫ് ഇമാം സിറാജുദ്ദീൻ ഹസനി നേതൃത്വം നൽകി. അറവുപുഴ ഹിദായത്തുൽ ഇസ്ലാം മദ്‌റസ അധ്യാപകരായ ഹാഫിസ് സൽമാൻ മദാഹരി, അനസ് മൗലവി, ആലുമൂട് നൂറുൽഹുദാ മദ്രസയിലെ അദ്ധ്യാപകരായ മുഹമ്മദ് നുസ്രി, സിയാദ് അഹ്‌സരി, താഴത്തങ്ങാടി ഇസ്ലാഹിയ്യ മദ്രസയിലെ അദ്ധ്യാപകരായ സദഖത്തുള്ള അഹ്ദനി, അബ്ദുൽലത്തീഫ് മൗലവി, ജമാഅത്ത് പ്രസിഡന്റ് കെ.കെ.മുഹമ്മദ് സാലി, സെക്രട്ടറി മുഹമ്മദ് അൻവർ എന്നിവർ നബിദിനറാലിക്ക് നേതൃത്വം നൽകി.