കോട്ടയം : എം.സി റോഡിൽ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. കാണക്കാരി മാഞ്ഞൂർ ഭാഗത്ത് കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരൻ കുമാരൻ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 11.30 ഓടെ ഏറ്റുമാനൂർ വിമല ആശുപത്രിയ്‌ക്കു സമീപത്തെ വളവിലായിരുന്നു അപകടം. പാലക്കാടു നിന്ന് കോട്ടയത്തിനു കള്ളുമായി പോകുകയായിരുന്നു ലോറിയിൽ തെള്ളകം ഭാഗത്തു നിന്ന് എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോറിയ്ക്കടിയിൽ കുടുങ്ങിയ കുമാരനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഇതുവഴി എത്തിയ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് നാലോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.