പാലാ : കിടങ്ങൂരിൽ മീനച്ചിലാറ്റിലെ കാവാലിപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ ആർപ്പൂക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അതിരമ്പുഴ കോട്ടമുറി താന്നിക്കൽ ഷിയാസിന്റെ മകൻ ആഷിക് ഷിയാസ് (16) മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിനോദസഞ്ചാരത്തിനായി ആറംഗസംഘത്തോടൊപ്പമാണ് ആഷിക് എത്തിയത്. വിലക്ക് ലംഘിച്ച് കുട്ടികൾ നീന്താനിറങ്ങുകയായിരുന്നു. ആറിന്റെ മദ്ധ്യഭാഗത്ത് എത്തിയതോടെ കൈകാലുകൾ കുഴഞ്ഞു ആഷിക് വെള്ളത്തിലേയ്ക്കു താഴ്ന്ന് പോകുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിലും അഗ്‌നിരക്ഷാ സേനയിലും അറിയിച്ചു. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും.