അടിമാലി: കല്ലാർ മാങ്കുളം റോഡിൽ സ്ഥിതി ചെയ്യുന്ന കല്ലാർവാലി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ മാങ്കുളത്തേക്കുള്ള വലിയ വാഹനങ്ങളുടെ സർവീസ് നിലച്ചു. ഒരാഴ്ച മുമ്പായിരുന്നു കല്ലാർ മാങ്കുളം റോഡിൽ കല്ലാർവാലി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പാതയ്ക്ക് ബലക്ഷയം സംഭവിച്ചത്. പാലത്തോട് ചേർന്ന സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചതാണ് ബലക്ഷയത്തിന് ഇടവരുത്തിയത്. സംഭവത്തെ തുടർന്ന് ഇരുഭാഗത്ത് നിന്നും വരുന്ന ബസുകൾ ആളുകളെ ഇറക്കി മറുകരയിലെത്തിയ ശേഷം കയറ്റി സർവീസ് നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കല്ലാർ ജംഗ്ഷനിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള ബോർഡ് സ്ഥാപിച്ചതല്ലാതെ റോഡ് ബലപ്പെടുത്താനുള്ള യാതൊരു നടപടിയും വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൊണ്ടില്ല. ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് റോഡിലൂടെ ശക്തമായ വെള്ളമൊഴുക്കുണ്ടാകുകയും ഇടിഞ്ഞ ഭാഗം വീണ്ടും ഇടിഞ്ഞ് പാത കൂടുതലായി അപകടത്തിലാവുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ മെല്ലപ്പോക്കാണ് സ്ഥിതിഗതികൾ കൂടുതൽ പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡ് അപകടാവസ്ഥയിലായതോടെ മാങ്കുളത്തേക്കുള്ള വലിയ വാഹനങ്ങളുടെ സർവീസ് നിലച്ചു. ചെറുവാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും നിലംപതിക്കാം. പാതയ്ക്ക് ബലക്ഷയം സംഭവിച്ചത് കുരിശുപാറ, കല്ലാർവാലി, എട്ട് ഏക്കർ ഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് തിരിച്ചടിയായി.
''പാത വേഗത്തിൽ ബലപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട് '
എസ്. രാജേന്ദ്രൻ എം.എൽ.എ