tree
റോഡരികിൽ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ അറുപതാംമൈലിന് സമീപം പാതയോരത്ത് നിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി യാത്രക്കാരുടെ പരാതി. ദേശിയപാത 185ൽ കമ്പിലൈനിനും അറുപതാംമൈലിനുമിടയിലാണ് പാതയോരത്ത് അപകട ഭീഷണി ഉയർത്തി മരങ്ങൾ നിൽക്കുന്നത്. ചുവട്ടിലെ മണ്ണിളകി പാതയോരത്തെ മൺതിട്ടയിൽ നിൽക്കുന്ന വൃക്ഷങ്ങൾ ഏത് നിമിഷവും താഴേക്ക് നിലംപതിക്കാം. കഴിഞ്ഞ കാലവർഷത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് വൃക്ഷങ്ങളുടെ ചുവട്ടിൽ വലിയ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിലായത്. പിന്നീട് പലപ്പോഴായി മൺതിട്ട ഇടിഞ്ഞ് ചാടിയതോടെ മരങ്ങൾ കൂടുതൽ അപകടത്തിലായി. സമീപത്ത് ദേശീയപാത വികസനപ്രവർത്തനങ്ങൾ നടന്നെങ്കിലും അപകടാവസ്ഥയിലായ മരങ്ങൾ മാത്രം മുറിച്ച് നീക്കിയില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഉറപ്പില്ലാത്ത മണ്ണായതിനാൽ എപ്പോൾ വേണമെങ്കിലും മരങ്ങൾ ദേശീയപാതയിലേക്ക് കടപുഴകി വീഴാമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദിവസവും നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ഏതുനിമിഷവും വീഴാവുന്ന ഈ മരങ്ങൾക്ക് ചുവട്ടിലൂടെയാണ് കടന്നു പോകുന്നത്. ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രദേശത്തുണ്ടാകുന്ന കുലുക്കം പോലും അപകടത്തിന് ഇടവരുത്താം. ദേശീയപാത വിഭാഗം മരങ്ങൾ മുറിച്ച് നീക്കി വാഹനയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി കൈകൊള്ളണമെന്നാണ് സമീപവാസികളുടെ ആവശ്യം.