എരുമേലി : തകർന്ന ശബരിമല പാതകളിൽ പണികൾ നടത്താൻ നടപടികൾ പൂർത്തിയായത് തീർത്ഥാടനകാലം തൊട്ടടുത്ത് എത്തിയപ്പോൾ. ഇതോടെ പണികൾ പെട്ടന്ന് പൂർത്തിയാക്കുക സാദ്ധ്യമല്ലാത്തതിനാൽ കുഴിയടക്കൽ നടത്തി മുഖം മിനുക്കൽ ജോലിയായി മാറിയിരിക്കുകയാണെന്ന് ആക്ഷേപം. കരാറുകാർക്ക് കുടിശികയായി കിട്ടാനുള്ളത് വൻ തുകയാണ്. ഇത് മൂലം പുതിയ കരാറെടുക്കലിന് കരാറുകാർ മടിച്ചുനിൽക്കുന്നു. ടാറിംഗ് അസംസ്‌കൃത സാധനങ്ങൾക്ക് വില ഉയർന്നതും പ്രതിസന്ധിയായി. ഇതിന് പുറമെ തുടർച്ചയായി മഴ എത്തുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

 കാഞ്ഞിരപ്പള്ളി -എരുമേലി റോഡ്

പമ്പയിലേക്ക് കോട്ടയം ജില്ലയിലെ പ്രധാന പാതയായ ഈ റോഡിൽ കാഞ്ഞിരപ്പള്ളി 26 മൈൽ പാലം കഴിഞ്ഞ ശബരിമല സീസൺ കാലത്ത് ബലക്ഷയം മൂലം ഗതാഗതം പരിമിതമാക്കിയതാണ്. പുനർ നിർമാണം ഇനിയും നടത്തിയിട്ടില്ല. വിള്ളൽ വീണ ഈ പാലം ഇത്തവണയും ആശങ്ക ഉയർത്തുന്നു.

 പൊൻകുന്നം -എരുമേലി സമാന്തര പാത.

ദേശീയപാത നിലവാരത്തിലാക്കുന്നതിനാൽ ഈ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ പണികൾ അവസാന ഘട്ടത്തിലാണ് . ബിഎംബിസി പണികൾ പൂർത്തിയാകുന്നതോടെ ഉയരം വർദ്ധിച്ച ഹൈവേയുടെ കട്ടിംഗുകൾ അപകട കെണികൾ ആകാതിരിക്കുന്നതിന് പാതയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പണികളും പൂർത്തിയാക്കേണ്ടതുണ്ട്. ഈ പാതയിലൂടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിൽപ്പെടാതെ എരുമേലിക്ക് വളരെ വേഗം എത്താൻ കഴിയും. പക്ഷെ, റോഡിന്റെ വീതി വർദ്ധിപ്പിക്കാനാകാത്തതും വളവുകളുടെ കാഠിന്യം കുറയ്ക്കാൻ കഴിയാത്തതുമാണ് അപകട സാദ്ധ്യത.

 എരുമേലി മുണ്ടക്കയം റോഡ്.

ദേശീയ പാതാ വിഭാഗം ഏറ്റെടുത്ത ഈ റോഡിൽ 13 കോടി രൂപ ചെലവിട്ടാണ് നവീകരണം പുരോഗമിക്കുന്നത്. എരുമേലി ടൗൺ ഭാഗവും ഈ പാതയിലാണ്. ടൗണിൽ ആദ്യ ഘട്ട ടാറിംഗ് പൂർത്തിയായി. ഓടകൾ പുനർനിർമിക്കുന്ന പണികളും പുരോഗമിക്കുകയാണ്. ഈ പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന കണ്ണിമല മഠം പടി ഇറക്കവും വളവും ശാസ്ത്രീയമായി പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. വീതി കുറഞ്ഞ പേരൂർത്തോട് ജംഗ്ഷൻ, പുലിക്കുന്ന്, കരിനിലം തുടങ്ങിയ ഭാഗങ്ങളിൽ വീതി വർദ്ധിപ്പിക്കൽ വിജയിച്ചിട്ടില്ല.

 എരുമേലി -പ്ലാച്ചേരി റോഡ്.

പൂർണമായും തകർന്ന് കുണ്ടും കുഴികളും നിറഞ്ഞ ഈ പാതയിൽ പ്ലാച്ചേരി മുക്കട, മുക്കട കരിമ്പിൻതോട് എന്നീ രണ്ട് റീച്ചുകളിലായി 14 കോടി രൂപ ചെലവിട്ട് റോഡ് നവീകരണത്തിന് ടെണ്ടർ നടപടികൾ പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. ഇനി കുറഞ്ഞ സമയത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാൻ കഴിയില്ല

 എരുമേലി -മുക്കൂട്ടുതറ -കണമല റോഡ്

ആധുനിക നിലവാരത്തിൽ പണികൾ നടത്തി ദേശീയ പാതാ വിഭാഗം ഏറ്റെടുത്ത ഈ റോഡിൽ ജല അതോറിറ്റി നടത്തിയ വെട്ടിപ്പൊളിക്കൽ വില്ലനാവുകയായിരുന്നു. റോഡിന്റെ ഗുണനിലവാരം ഇതോടെ മോശമായി തകർച്ചയിലാണ്. പ്രധാന ശബരിമല പാതയായ ഈ റോഡിൽ ഒട്ടേറെ അപകടങ്ങൾ സംഭവിച്ച കണമല ഇറക്കം സുരക്ഷിതമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഈ പാതയിൽ തീർത്ഥാടനം മുൻനിർത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുമില്ല.

 ആറ് കോടി മുക്കിയ ബദൽ പാത.

കണമല ഇറക്കത്തിലെ അപകടങ്ങൾക്ക് പരിഹാരമായി ആറ് കോടി ചെലവിട്ട് ഒന്നര കിലോമീറ്റർ ദൂരത്തിൽ നിർമിച്ചതാണ് ബദൽ സമാന്തര പാതയായ കീരിത്തോട് മൂക്കംപെട്ടി റോഡ്. എന്നാൽ നിർമാണം പൂർത്തിയായപ്പോൾ കണമല ഇറക്കത്തെക്കാൾ അതീവ അപകട ഇറക്കമായി ബദൽ പാത മാറി. ഇക്കാരണത്താൽ ഇതുവരെ ഈ പാതയിൽ തീർത്ഥാടന യാത്ര അനുവദിച്ചിട്ടില്ല. സാങ്കേതിക പിഴവുകൾ പരിഹരിച്ച് ഈ പാത സുരക്ഷിതമാക്കി നവീകരിച്ചാൽ കണമല ഇറക്കം ഒഴിവാക്കി തീർത്ഥാടക യാത്രക്ക് ഉപയോഗിക്കാനാകും.

 നന്നാകണം ഈ റോഡുകളും

പ്ലാപ്പള്ളി -ചാലക്കയം റോഡ്, കണമല–ഇലവുങ്കൽ റോഡ്, മുണ്ടക്കയം -കണമല റോഡ്, എയ്ഞ്ചൽവാലി -മൂക്കംപെട്ടി