വൈക്കം: താലൂക്കിലെ സലഫി മസ്ജിദുകൾ ഒഴികെയുള്ള മുസ്‌ലിം ജമാഅത്തുകളിൽ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാചകൻ മുഹമ്മദിന്റെ 1494ാം ജന്മദിനത്തിൽ പള്ളികൾ മൗലീദ് പാരായണം ഉൾപ്പെടെയുള്ള പ്രത്യേക പ്രാർത്ഥനകളാൽ ഭക്തിസാന്ദ്രമായിരുന്നു. പള്ളികളിൽ അന്നദാനം, പായസം വിതരണം, പ്രത്യേക പ്രാർത്ഥനകൾ, ഘോഷയാത്ര എന്നിവ നടന്നു. ഹിജ്‌റ മാസമായ റബ്ബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ ഒട്ടുമിക്ക പള്ളികളിലും പ്രത്യേക മതപ്രഭാഷണങ്ങൾ ആരംഭിച്ചിരുന്നു. മദ്രറ കുട്ടികളുടെ ഇസ്‌ലാമിക കലാമത്സരങ്ങളും നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. വൈക്കം, തലയോലപ്പറമ്പ്, വെച്ചൂർ, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവൻതുരുത്ത്, കരിപ്പാടം, മണകുന്നം, വെള്ളൂർ, ഇറുമ്പയം, മാന്നാർപൂഴിക്കോൽ തുടങ്ങിയ മുസ്‌ലിം ജമാഅത്തുകളിലെല്ലാം നബിദിന ഘോഷയാത്ര നടത്തി. വിവിധ മതനേതാക്കൾ ഘോഷയാത്രക്കും പ്രത്യേക പ്രാർത്ഥനകൾക്കും നേതൃത്വം നൽകി.