വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൽവിളക്കുകൾ ആനകളെ തളക്കുന്ന കുറ്റികളായി മാറി. രാജാക്കൻമാർ നാട് വാണിരുന്ന കാലം. വൈദ്യുതി വിളക്കുകൾ അധിക പ്രചാരത്തിലില്ല. വൈക്കം ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ വെളിച്ചം ലഭിച്ചിരുന്നത് നാലു ഗോപുര നടയിലും സ്ഥാപിച്ചിരുന്ന കൽ വിളക്കിൽ നിന്നാണ്. നാലടിയോളം വരുന്ന കൽ വിളക്കിൽ ഒരു ലിറ്ററിലധികം എണ്ണ ഒഴിക്കാം.ഇതിൽ തിരിയിട്ട് ദിപം തെളിച്ചിരുന്നു.ഇതിന്റെ സ്മരണ നിലനിർത്താൻ എന്നവണ്ണം വടക്കേ ഗോപുരത്തിന് സമീപം ഒരു കൽ വിളക്ക് നോക്കുകുത്തിയായി ഇന്നും കാണാം. കിഴക്കേ ഗോപുരനടയിൽ ഉണ്ടായിരുന്ന കൽ വിളക്ക് അടുത്ത കാലത്ത് പിഴുതെടുത്ത് ആനകളെ തളക്കുന്നതിനായി ഉപയോഗിച്ചു തുടങ്ങി. ഇതുൾപ്പടെ മൂന്നു കൽ വിളക്കുകൾ ഇപ്പോൾ ആനക്കായി ഉപയോഗിക്കുന്നു. ക്ഷേത്രത്തിൽ വിവിധ ഭാഗങ്ങളിൽ കാണുന്ന തൂണുകളിലും ദീപം തെളിയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ക്ഷേത്ര ഊട്ടുപുരയിലെ തുലാത്തിൽ ചെറിയ ഇരുമ്പു വളയങ്ങൾ കാണാം. പഴയ കാലത്ത് ഇതിൽ കോളാർ വിളക്ക് കത്തിച്ച് തൂക്കിയിരുന്നു. രാജഭരണകാലത്ത് നിർമ്മിച്ച് ഇടനാഴികളോടെ സ്ഥാപിച്ച തിരുവാഭരണ സൂക്ഷിപ്പു കേന്ദ്രം വായു സഞ്ചാരം ഇല്ലാത്ത രീതിയിൽ കെട്ടിയടച്ചിട്ട് നാളേറെയായിട്ടില്ല. ക്ഷേത്രത്തിലെ പ്രാതലിന് തയ്യാറാക്കുന്നതിന് വേണ്ടി അടുപ്പിൽ നിന്നും എടുത്തു മാറ്റുവാൻ കഴിയാത്ത രീതിയിലുള്ള വലിയ വാർപ്പും ഉണ്ടായിരുന്നു. ശബരമലയിലേക്ക് കൊണ്ട് പോയ വാർപ്പ് തിരിച്ച് എത്തിച്ചിട്ടില്ല. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഹിന്ദുമത ഗ്രന്ഥശാലയും മതപാഠശാലയും ഇല്ലാതായി. വിലപിടിച്ച അനവധി ഗ്രന്ഥശേഖരം വൈക്കത്തുണ്ടായിരുന്നു. ഇത് നഷ്ടപ്പെട്ട രീതിയിലാണ്. രാജാക്കൻമാർ താമസിച്ചിരുന്ന വടക്കേ കൊട്ടാരവും ജീർണ്ണതയിലാണ്. പൗരാണിക കാലത്ത് ഉണ്ടായിരുന്ന പലതും ജിർണ്ണവസ്ഥയെ നേരിടുവാൻ പ്രധാന കാരണം മാറി മാറി വരുന്ന ജീവനക്കാരുടെ അവഗണനയും അനാസ്ഥയുമാണ്.