കോട്ടയം: നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് നാഗമ്പടത്തെ നഗരസഭ പാർക്ക് ഡിസംബറിൽ തുറക്കാൻ തീരുമാനമായി. പാർക്കിന്റെ അവസാനഘട്ട നവീകരണപ്രവർത്തനങ്ങളാണ് ബാക്കി നിൽക്കുന്നത്. ഇതിന്റെ ഭാഗമായി പാർക്കിനുള്ളിൽ പുല്ലു വെച്ചുപ്പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു. പൂർണ്ണമായും പുല്ലുകൾ വെച്ചുപ്പിടിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ച 1.63 കോടിയുടെ നിർമാണങ്ങൾക്കായി നഗരസഭ ജൂബിലി പാർക്ക് 2014 ലാണ് അടച്ചത്. മൂന്നര ഏക്കർ വിസ്തൃതിയിലുള്ള പാർക്കിൽ മഴക്കാലത്തു വെള്ളം കയറുന്നതുൾപ്പെടെ ഒഴിവാക്കുന്നതിനായാണു നവീകരണം ആരംഭിച്ചത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ ഉൾപ്പെടെ ജീവനക്കാരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതോടെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഇതിനൊപ്പം ചെലവുമേറി. ഒടുവിൽ പുല്ലുവച്ചുപിടിപ്പിക്കുന്നതൊഴികെയെുള്ള കാര്യങ്ങളിൽ ആറു മാസം മുമ്പു തീരുമാനമായി. എന്നാൽ, സർക്കാർ നിശ്ചയിച്ച നിരക്കിൽ പുല്ലു പിടിപ്പിക്കാൻ ആരുമെത്താതിനെത്തുടർന്നു മൂന്നു തവണ ടെൻഡർ വിളിക്കേണ്ടി വന്നതായി കൗൺസിലർ പറയുന്നു. ഇതോടെ മണ്ണിട്ടുയർത്തിയ ഭാഗം കാടുകയറി മൂടി. ഒടുവിൽ ഇവ വൃത്തിയാക്കിയാണു പുല്ലുപിടിപ്പിക്കുന്നത്.
എം.എൽ.എ അനുവദിച്ചത് -- 1.63 കോടി രൂപ
നാഗമ്പടത്തെ മുൻസിപ്പൽ പാർക്ക് (ഫയൽച്ചിത്രം)