ചങ്ങനാശേരി: ചങ്ങനാശേരി എൻ.എസ്.എസ് താലൂക്ക് യൂണിയന്റെയും മന്നം ബാലസമാജ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന 29-ാമത് ബാലകലോത്സവം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. തിരുവാതിര, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, സമൂഹഗാനം, ലളിത സംഗീതം, പദ്യം ചൊല്ലൽ, ആചാര്യഗീതം, പ്രസംഗം, പുരാണപാരായണം, ഗീതാ പാരായണം, ഹരിനാമ കീർത്തനം, നാരായണീയം, എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലായി എൻ.എസ്.എസ് ഹിന്ദു കോളേജിൽ പ്രത്യേകം തയ്യാറാക്കിയ ആറു സ്റ്റേജുകളിൽ താലൂക്കിലെ വിവിധ കരയോഗങ്ങളിലെ നൂറുകണക്കിനു ബാലസമാജംഗങ്ങൾ കലോത്സവത്തിൽ പങ്കെടുത്തു. കലോത്സവത്തിൽ 79 പോയിന്റോടെ 180-ാം നമ്പർ തൃക്കൊടിത്താനം എൻ.എസ്.എസ് കരയോഗ ബാലസമാജം ഒന്നാ സ്ഥാനവും 42 പോയിന്റോടെ 257-ാം നമ്പർ പെരുന്ന കിഴക്ക് എൻ.എസ്.എസ് കരയോഗം രണ്ടാംസ്ഥാനവും 22 പോയിന്റോടെ 337-ാം നമ്പർ ഇത്തിത്താനം എൻ.എസ്.എസ് കരയോഗ ബാലസമാജം മൂന്നാം സ്ഥാനവും നേടി.