പാലാ: എസ്.എൻ.ഡി.പി. യോഗം സൈബർ സേനാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് പുല്ലുവേലിയുടെ പദവി മീനച്ചിൽ യൂണിയനിലെ ശ്രീനാരായണ സമൂഹത്തിനാകെ അഭിമാനമായി. മീനച്ചിൽ യൂണിയനു കീഴിൽ വലവൂർ 162ാം നമ്പർ ശാഖയിലെ അംഗമാണീ യുവ സാരഥി.
കഴിഞ്ഞ 10 വർഷമായി ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് ഈ 37കാരൻ. വലവൂർ ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം, ശാഖാ യൂണിയൻ കമ്മിറ്റി പ്രതിനിധി, മീനച്ചിൽ യൂണിയൻ സൈബർ സേന ചെയർമാൻ, കോട്ടയം ജില്ലാ സൈബർ സേന ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അനീഷ്, ഇപ്പോൾ ഏകാത്മകം കോർ കമ്മിറ്റി അംഗം കൂടിയാണ്. വലവൂർ പുല്ലുവേലിൽ പി.എസ്.കരുണാകരന്റേയും പേണ്ടാനത്ത് ശാന്തമ്മയുടെയും മകനാണ്. അജിതയാണു ഭാര്യ.
ഹരികേശ്, ഹർഷിത എന്നിവരാണ് മക്കൾ. ഇന്നലെ കിടങ്ങൂർ പിറയാർ ശാഖയിൽ ചേർന്ന വിശേഷാൽ പൊതുയോഗത്തിൽ അനീഷ് പുല്ലുവേലിക്ക് സ്വീകരണം നൽകി. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ. എം. സന്തോഷ് കുമാർ അനീഷിനെ പൊന്നാട അണിയിച്ചാദരിച്ചു. യോഗത്തിൽ പിറയാർ ശാഖാ പ്രസിഡന്റ് ഗോപിനാഥൻ കറുകശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. മധു കീച്ചേരിക്കുന്നേൽ, രാജൻ വിനായക, തുളസി മുരളീധരൻ, നിർമ്മല ശശി, ജ്യോതി കുടിലിൽ , കൃഷ്ണൻ വിലങ്ങശ്ശേരിൽ എന്നിവർ ആശംസകളർപ്പിച്ചു. സ്വീകരണത്തിന് അനീഷ് പുല്ലുവേലി നന്ദി പറഞ്ഞു.