കോട്ടയം : കച്ചേരിക്കടവ് ലാൻഡ് സ്‌കേപ്പിംഗ് ബോട്ട് കനാൽ ടൂറിസം പദ്ധതി ഡിസംബർ ആദ്യ വാരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ജലഗതാഗത വകുപ്പിന്റെ സ്ഥലത്ത് ടൂറിസം വകുപ്പ് സജ്ജമാക്കിയ പദ്ധതിയുടെ മേൽനോട്ടച്ചുമതല ഡി.ടി.പി.സിക്കാണ്. കുട്ടികളുടെ മിനി പാർക്ക്, കടകൾ, കഫറ്റീരിയ, ടോയ്‌ലറ്റുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. ഇവ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ പരോഗമിക്കുന്നു. രാവിലെ എട്ടു മുതൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ പ്രവേശനത്തിന് പത്തു രൂപയാണ് നിരക്ക്. രണ്ടുവർഷം മുമ്പ് പൂർത്തീകരിച്ച വിനോദസഞ്ചാര കേന്ദ്രം നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇവിടെയെത്തുന്നവർക്ക് കോടിമത മുതൽ കച്ചേരിക്കടവ് വരെ ശിക്കാര വള്ളങ്ങളിലും മറ്റും സഞ്ചരിച്ച് പ്രകൃതിഭംഗി ആസ്വദിക്കാനാകും.