കറുകച്ചാൽ: പലചരക്ക് കടമുറികൾ തീപിടിച്ചു കത്തി നശിച്ചു. ചമ്പക്കര തിരുമ്മുകവലയ്ക്ക് സമീപം ആലപ്പള്ളീൽ ഗോപാലകൃഷ്ണന്റ സ്റ്റേഷനറി കടയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ 7.45ന് ആയിരുന്നു സംഭവം. രാവിലെ കടയിലെത്തിയ ഗോപാലകൃഷ്ണൻ വിളക്ക് കൊളുത്തിയ ശേഷം വീട്ടിലേക്ക് പോയി. വിളക്കിലെ തീ കടയിലെ സാധനങ്ങളിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ പടർന്നതിനാൽ അകത്തേക്ക് പ്രവേശിക്കുവാൻ സാധിച്ചില്ല. വിവരമറിഞ്ഞ് പാമ്പാടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ ഭാഗീകമായി അണച്ചു. സമീപത്തെ മുറികളിലേക്കും, മേൽക്കൂരയിലേക്കും തീ പടർന്നതോടെ കോട്ടയത്തു നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം. ലീഡിങ് ഫയർമാൻ ബി.പ്രകാശൻ, ഫയർമാൻമാരായ പി.ജി.അജിത്ത് കുമാർ, മാത്തുക്കുട്ടി ജോൺ, ആനന്ദ് എ.രാജു, ഡി.ദിനരാജ്, എച്ച്.സനീഷ്‌ലാൽ, അനീഷ് ജി.നായർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.