കോട്ടയം: ഓർത്തഡോക്സ് വിഭാഗത്തിന്റെ കുരിശടികൾക്കുനേരെ പരക്കെ ആക്രമണം. ദേവലോകം അരമനയ്ക്ക് സമീപമുള്ള കുരിശടിക്കുനേരെയും തൂത്തൂട്ടി കവലയിലെ കുരിശടിക്കുനേരെയുമാണ് ആക്രമണമുണ്ടായത്.
ഇന്നലെ പാതിരാത്രിയോടെയാണ് ദേവലോകം അരമനയ്ക്ക് പടിഞ്ഞാറുവശത്തുള്ള കുരിശടിക്കുനേരെ കല്ലേറുണ്ടായത്. മാതാവിന്റെ ഫോട്ടോയും കുരിശടിയുടെ ചില്ലുകളും തകർന്നു. പരുമല തിരുമേനിയുടെ ഫോട്ടോയും തകർത്തു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ അമയന്നൂർ ഗ്രിഗോറിയോസ് പള്ളിയുടെ തൂത്തുക്കുടി ജംഗ്ഷനിലുള്ള കുരിശടിക്കുനേരെയും കല്ലേറുണ്ടായി. കുരിശടിയുടെ വാതിലും ഫോട്ടോയും ഗ്ലാസും തകർന്നിട്ടുണ്ട്.
സാമൂഹ്യ വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.