കോട്ടയം: മുംബയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇടുക്കി ശാന്തൻപാറ റിജോഷ് കൊലക്കേസിലെ ഒന്നാം പ്രതി വസീമിന്റെയും റിജോഷിന്റെ ഭാര്യ ലിജിയുടെയും നില ഗുരുതരമായി തുടരുന്നു. അതേസമയം, റിജോഷിന്റെ രണ്ടര വയസുള്ള മകൾ ജോവാന്റെ മൃതദേഹം ഇന്ന് രാത്രിയോടെ ശാന്തൻപാറയിലെത്തിക്കും. മുംബയിൽ നിന്ന് വിമാനത്തിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം ഇവിടെ നിന്ന് ആംബുലൻസിൽ വീട്ടിലെത്തിക്കാനാണ് നീക്കം.
റിജോഷിന്റെ ശവകുടീരത്തിന് സമീപം തന്നെ മകൾ ജുവാനയ്ക്കും കല്ലറയൊരുക്കും. ശാന്തമ്പാറ ഇൻഫെന്റ് ജീസസ് കാത്തലിക് പള്ളി സെമിത്തേരിയിൽ ആണ് സംസ്കരിക്കുക.
വസീമിന്റെ നില അതീവ ഗുരുതരമാണെങ്കിലും ലിജിയുടെ നിലയിൽ അൽപ്പം മാറ്റം വന്നിട്ടുണ്ട്. എന്നാൽ ബോധം പൂർണാമായും തിരിച്ചുകിട്ടിയിട്ടില്ല. ഇവരുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശാന്തൻപാറ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് മുംബയിൽ തങ്ങുകയാണ്.
ജോവാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകി. റിജോഷിന്റെ മൂത്ത സഹോദരൻ ഫാ.വിജോഷും ഇളയ സഹോദരൻ ജിജോഷും ചേർന്നാണ് ജോവാന്റെ മൃതദേഹം ഏറ്റെടുത്തത്.
കഴിഞ്ഞ 31നാണ് ശാന്തമ്പാറ കഴുതക്കുളംമേട് സ്വദേശി മുല്ലൂർ റിജോഷിനെ റിസോർട്ട് മാനേജർ വസീം കൊലപ്പെടുത്തിയ ശേഷം റിസോർട്ടിന് സമീപം കുഴിച്ച് മൂടിയത്. ഇതിന് ശേഷം നാലിന് റിജോഷിന്റെ ഭാര്യ ലിജിയും വസീമും റിജോഷിന്റെ രണ്ടുവയസുകാരി ജുവാനയുമായി നാടുവിടുകയായിരുന്നു. വസീമിനെ സഹായിക്കുകയും അന്വേഷണം വഴിതിരിച്ച് വിടാൻ കൂട്ടുനിൽക്കുകയും ചെയ്ത വസീമിന്റെ സഹോദരൻ ഫഹിം റിമാൻഡിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വസിമും ലിജിയും ജുവാനയും മുംബൈയിലെത്തിയത്. ഇവർ പൻവേലിലുള്ള സമീർ ഹോട്ടലിൽ മുറിയെടുത്ത് കുട്ടിയ്ക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് മുംബൈ പൊലീസ് അറിയിച്ചത്. മുറിയെടുത്തതിന് ശേഷം പുറത്തേയ്ക്ക് കാണാത്തതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടൽ മാനേജർ മുറിയിൽ എത്തി നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും വസിമിനെയും ലിജിയെയും അവശനിലയിലും കണ്ടെത്തിയത്. തുടർന്ന് പൻവേൽ സെന്റർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വാസിയിലുള്ള ജെ.ജെ ആശുപത്രിയിലാണ് വസീമും ലിജിയും ചികിത്സയിലുള്ളത്.