orthodox-jacobite-conflic

കോട്ടയം: ഓർത്തഡോക്സ് -യാക്കോബായ സഭ സംഘ‌ർഷം നിലനിൽക്കെ, ഓർത്തഡോക്‌സ് വിഭാഗത്തിന്റെ രണ്ട് കുരിശടികൾ എറിഞ്ഞുടച്ചു. ദേവലോകം അരമനയ്ക്ക് സമീപമുള്ള കുരിശടിക്കും അമയന്നൂർ തൂത്തൂട്ടി കവലയിലെ കുരിശടിക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

അരമനയ്ക്ക് പടിഞ്ഞാറുള്ള കുരിശടിക്കു നേരെയാണ് ആദ്യം കല്ലേറുണ്ടായത്. മാതാവിന്റെ ഫോട്ടോയും കുരിശടിയുടെ ചില്ലുകളും തകർന്നു. പരുമല തിരുമേനിയുടെ ഫോട്ടോയും തകർത്തു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അമയന്നൂർ ഗ്രിഗോറിയോസ് പള്ളി തൂത്തുക്കുടി ജംഗ്ഷനിൽ സ്ഥാപിച്ച കുരിശടിക്കു നേരെയും കല്ലേറുണ്ടായി. വാതിലും ഫോട്ടോയും ഗ്ലാസും തകർന്നിട്ടുണ്ട്.

സാമൂഹ്യ വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ ഓർത്തഡോക്‌സ്‌-യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി ഈസ്റ്റ് സി.ഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇരുവിഭാഗവും തമ്മിലുള്ള അസ്വാരസ്യം മുതലെടുക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് സംഭവത്തിന് പിന്നിലും ഒരേ സംഘമാണെന്നാണ് നിഗമനം.