ചങ്ങനാശേരി: തുണിക്കടയിലെ ജീവനക്കാരെ ഉടമ മർദ്ദിച്ചതായി പൊലീസിൽ പരാതി. സെൻട്രൽ ജംഗ്ഷനിലെ നമ്പർ വൺ ടെക്സ്‌റ്റൈൽസിലെ ജീവനക്കാരായ വിപിൻ (32), സ്മിത (38) എന്നിവരാണ് പരാതി നൽകിയത്. ഇരുവരും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി. ജീവനക്കാർ കൊമേഴ്സ്യൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) അംഗമായതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം യൂണിയൻ നേതാക്കൾ സ്ഥലത്തെത്തിയതോടെ കടയടച്ച് ഉടമ സ്ഥലം വിട്ടതായും പറയുന്നു. യൂണിയന്റെ നേതൃത്വത്തിലെത്തിയ തൊഴിലാളികൾ കടയ്ക്ക് മുന്നിൽ പ്രതിഷേധയോഗം ചേർന്നു.