പാലാ : പറിഞ്ഞു പോയ കതക് ഉറപ്പിക്കാൻ കേവലം ആറ് വിജാഗിരിയും, 12 ആണിയും വാങ്ങണമെങ്കിൽ എത്ര രൂപ വേണ്ടി വരും? ഇതു വാങ്ങി കതക് ഒന്നുറപ്പിക്കണമെങ്കിൽ എത്ര കാലം താമസം വരും. ഇതെന്ത് ചോദ്യം എന്നാവുമല്ലേ. എന്നാൽ ഈ ചോദ്യത്തിനു പ്രസക്തിയുണ്ട് പാലാ നഗരസഭയിലാണെങ്കിൽ. നഗരസഭാ ഭരണ കേന്ദ്രത്തിന്റെ മൂക്കിനു മുന്നിൽ, ളാലം പാലം ജംഗ്ഷനിലെ ലോറി സ്റ്റാൻഡിനോടു ചേർന്നുള്ള പബ്ലിക്ക് കംഫർട്ട് സ്‌റ്റേഷനിലേക്കൊന്ന് ചെന്നു നോക്കണം; അഞ്ചുമുറികളുള്ള കംഫർട്ട് സ്റ്റേഷനിലെ മൂന്ന് മുറികളുടെയും കതകുകൾ പറിഞ്ഞ നിലയിലാണ്. രണ്ട് മുറികളിലെ കതകുകൾ ഏതു നിമിഷവും പറിഞ്ഞു വീഴാവുന്ന നിലയിൽ. വിജാഗിരികൾ തുരുമ്പെടുത്തും, ആണികൾ ഇളകിപ്പോയുമാണ് കതകുകൾ തകർന്നത്. പറിഞ്ഞു പോയ കതകുകൾ മുറികളോടു ചേർന്ന് ചാരി വച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നു രണ്ടു വർഷത്തിനിടെയാണ് കതകുകളെല്ലാം തുരുമ്പെടുത്ത് ഉപയോഗശൂന്യമായത്. ഇക്കാര്യം ലോറി സ്റ്റാൻഡിലെ ഡ്രൈവർമാർ കൂട്ടായും ഒറ്റയ്ക്കും മുനിസിപ്പൽ ഭരണാധികാരിളേയും ഉദ്യോഗസ്ഥരേയും പല തവണ അറിയിച്ചു. എന്നിട്ടും നോ രക്ഷ. സ്ത്രീകൾ ഉൾപ്പെടെ വഴിയാത്രക്കാരായ നിരവധിയാളുകളുടെ ആശ്രയമായിരുന്നു ഈ കംഫർട്ട് സ്റ്റേഷൻ.

മറയൊരുക്കാൻ ലോറി
കഴിഞ്ഞയാഴ്ച ഒരു ദിവസം, കംഫർട്ട് സ്റ്റേഷനിൽ പോകാൻ എത്തിയ സ്ത്രീ സമീപത്തെ ലോറി സ്റ്റാൻഡിലേക്ക് പാഞ്ഞെത്തി. കംഫർട്ട് സ്റ്റേഷന്റെ ഭാഗത്തെ കതകുകളെല്ലാം പറിഞ്ഞിരിക്കുന്നതു കണ്ട് അവർ പരിഭാന്ത്രയായി. പറിച്ചു മാറ്റിവച്ചിരുന്ന ഒരു കതക് എടുത്ത് അവർ സ്വയം മുറി അടയ്ക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല. അവരുടെ മുഖത്തെ ദൈന്യാവസ്ഥ കണ്ടപ്പോൾ , ഞങ്ങൾ മറ്റൊന്നും ആലോചിച്ചില്ല. ഒരു ലോറി കംഫർട്ട് സ്റ്റേഷനോടു ചേർത്തു മറയൊരുക്കിയെന്ന് ലോറി ഡ്രൈവറായ സുരേഷ് കുഴിവേലിൽ പറഞ്ഞു.

എസ്റ്റിമേറ്റ് എടുത്തിട്ട് 2 മാസം
നഗരസഭാ എൻജിനിയറിംഗ് വിഭാഗം 2 മാസം മുൻപ് കതകു നന്നാക്കാൻ എസ്റ്റിമേറ്റ് എടുത്തതാണ്. കതക് ഉറപ്പിക്കാൻ ഏതാനും വിജാഗിരികളും ആണികളുമാണ് അത്യാവശ്യം വേണ്ടത്. എന്നിട്ടും പൊളിഞ്ഞ കതക് അവിടെ തന്നെ ചാരി വച്ചിട്ടുണ്ട്. ഇനിയെന്നിത് സ്ഥാപിക്കും എന്ന് ചോദിച്ചാൽ നഗരസഭാധികൃതരും കൈമലർത്തുകയാണ്. ചുരുക്കത്തിൽ കാര്യം സാധിക്കാൻ യാത്രക്കാർക്ക് നെട്ടോട്ടം തുടരാം.