പാലാ : കെ. എം. മാണിയുടെ വികസന വഴിയിലെ അവസാന ഓർമ്മയടയാളമായി പാലാ ടൗൺ ബസ് സ്റ്റാൻഡിലെ തകർന്ന വെയിറ്റിംഗ് ഷെഡിന്റെ സ്ഥാനത്ത് പുതിയത് ഉയരുന്നു. കെ.എം മാണി അവസാനകാലത്ത് അനുവദിച്ചിരുന്ന എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 13 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണമെന്ന് നഗരസഭാദ്ധ്യക്ഷ ബിജി ജോജോ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പണികൾ ആരംഭിച്ചു.

വൈക്കം, കോട്ടയം, രാമപുരം ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ സൗകര്യമാകും വെയിറ്റിംഗ് ഷെഡ്. രണ്ടുവർഷം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് വെയിറ്റിംഗ് ഷെഡ് തകർന്നത്. തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വെയിലും മഴയുമേറ്റാണ് ബസ് കാത്തുനിന്നിരുന്നത്. 2018-19ലെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ബസ് ഷെൽട്ടറുകൾക്കായി കെ.എം.മാണി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നു പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഏഴാമത്തേതും അവസാനത്തേതുമായ വെയിറ്റിംഗ് ഷെഡാണിത്. സെന്റ്.തോമസ് കോളേജ് കവാടം, മൂന്നാനി കോർട്ട് കോംപ്ലക്‌സ് ജംഗ്ഷൻ ,പനയ്ക്കപ്പാലം, വലവൂർ ,കുടക്കച്ചിറ ,ഇല്ലിക്കൽ എന്നിവിടങ്ങളിലായിരുന്നു മറ്റ് വെയിറ്റിംഗ് ഷെഡുകൾ. യാത്രക്കാരുടെ നിരന്തരമായ ആവശ്യം നടപ്പാക്കാനുള്ള നഗരസഭാധികാരികളുടെ നടപടിയെ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജയ്‌സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.