അടിമാലി: അടിമാലി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു.പാട്ടത്തിനെടുത്ത ഭൂമിയിൽ അഞ്ച് യുവാക്കൾ ചേർന്നിറക്കിയിരുന്ന കപ്പകൃഷി ഭൂരിഭാഗവും കാട്ടുപന്നികൾ കുത്തിമറിച്ചു.പത്താംമൈൽ സ്വദേശികളായ തോംബ്രയിൽ സോജൻ,എന്നിക്കാട്ടിൽ സുധീഷ്, അയ്യപ്പൻകുന്നേൽ അപ്പു,മംഗലത്ത് ബോളി മാത്യു,പ്രിൻസ് എന്നിവർ ചേർന്നായിരുന്നു പത്താംമൈൽ ദേവിയാർ കോളനിയിൽ കപ്പകൃഷിയിറക്കിയിരുന്നത്.1600 മൂട് കപ്പയുണ്ടായിരുന്നതിൽ 900 മൂടും കാട്ടുപന്നികൾ കുത്തി മറിച്ചു.ജെസിബി ഉപയോഗിച്ച് നിലമൊരുക്കിയതുൾപ്പെടെ വലിയ തുക യുവാക്കൾ കപ്പകൃഷിക്കായി ചിലവാക്കിയിരുന്നുഏഴ് മാസം മൂപ്പെത്തിയ കപ്പ കാട്ടുപന്നികൾ നശിപ്പിച്ചതോടെ 7000ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി യുവാക്കൾ പറഞ്ഞു. കപ്പകൃഷിയോട് ചേർത്ത് നട്ടിരുന്ന 50 ഓളം ഏത്തവാഴകളും കാട്ടുപന്നിയാക്രമണത്തിൽ നശിച്ചു.50തിലധികം കാട്ടുപന്നികൾ പത്താംമൈൽ,ദേവിയാർ കോളനി ഭാഗത്ത് കറങ്ങി നടക്കുതായാണ് കർഷകർ നൽകുന്ന വിവരം.മുമ്പ് കാട്ടുപന്നിയുടെ സാന്നിദ്ധ്യ പ്രദേശത്തുണ്ടായിരുന്നെങ്കിലും ശല്യം രൂക്ഷമായത് അടുത്തയിടക്കാണെന്ന് പ്രദേശവാസികൾ പറഞ്ഞു.കാട്ടുപന്നിയുടെ ശല്യം മൂലം തന്നാണ്ട് വിളകൾ ഇറക്കാൻ കഴിയാതെ കർഷ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്.കാട്ടുപന്നികളെ പ്രതിരോധിക്കാൻ വനംവകുപ്പിന്റെ ഭാഗത്തു നിന്നും ക്രിയാത്മക ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.