കോട്ടയം: ചങ്ങനാശേരി നഗരസഭ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത ലാലിച്ചൻ കുന്നിപ്പറമ്പിലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ മുന്നറിയിപ്പ് ചങ്ങനാശേരി നഗരസഭയിൽ ജോസ്-ജോസഫ് വിഭാഗത്തിൽ പുതിയ പോർമുഖത്തിന് തുടക്കമിട്ടു. മുൻ ധാരണപ്രകാരം ജോസ് വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസിന് നൽകണം. എന്നാൽ ഇതിന് തയ്യാറാകാത്ത ലാലിച്ചൻ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് പി.ജെ. ജോസഫ് കത്ത് നൽകിയിരുന്നു. എന്നിട്ടും ലാലിച്ചൻ ചെയർമാൻ സ്ഥാനത്തിൽ തുടരുന്ന സാഹചര്യത്തിലാണ് അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജോസഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ കത്ത് പ്രകാരം രാജിവച്ചാൽ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചതിന് തുല്യമാകുമെന്നതിനാൽ രാജിവയ്ക്കരുതെന്നാണ് ജോസ് വിഭാഗത്തിന്റെ നിർദ്ദേശം. നഗരസഭയിൽ കേരളകോൺഗ്രസ് എമ്മിന് ഏഴ് കൗൺസിലർമാരാണുള്ളത്. ഇതിൽ ചെയർമാനൊഴിച്ച് ആറു പേരും ജോസഫിനൊപ്പമാണെന്നാണ് അവരുടെ അവകാശവാദം. പ്രശ്നത്തിൽ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ജോസ് വിഭാഗം ചെയർമാനെ രാജിവയ്പ്പിക്കണമെന്ന് സാജൻ ഫ്രാൻസിസ് ആവശ്യപ്പെട്ടിരുന്നു. ലാലിച്ചന് പിന്തുണ പിൻവലിക്കുന്നതായും ചെയർമാൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്നും ജോസഫ് വിഭാഗം കൗൺസിലർമാർ അറിയിച്ചതോടെ ഭരണ പ്രതിസന്ധിയും രൂക്ഷമായി. ഇത് മുതലാക്കി യു.ഡി.എഫിനെതിരെ ജനകീയ വികാരം കത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് പ്രതിപക്ഷം. ജോസ് വിഭാഗം ചെയർമാനെതിരെ ജോസഫ് വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതോടെ ചങ്ങനാശേരിയിലെ യു.ഡി.എഫ് രാഷ്ട്രീയം കലങ്ങി മറിയുമെന്നും അവർ കണക്കുകൂട്ടുന്നു. തർക്കത്തിൽ ഇടപെടുന്നില്ലെങ്കിലും ജോസ്-ജോസഫ് തർക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കോൺഗ്രസ് അംഗങ്ങൾ സമ്മതിക്കുന്നുണ്ട്. രണ്ടര വർഷം ചെയർമാൻ സ്ഥാനം കോൺഗ്രസായിരുന്നു കൈവശം വച്ചിരുന്നത്. ബാക്കി രണ്ടര വർഷം ജോസ് ജോസഫ് വിഭാഗത്തിന് തുല്യമായി പങ്കിടാൻ യു.ഡി.എഫിൽ ധാരണ ഉണ്ടായിരുന്നതായി യു.ഡി.എഫ് നേതാക്കളും കോൺഗ്രസ് കൗൺസിലർമാരും പറയുന്നു.