കോട്ടയം : പ്രളയക്കണക്കെടുപ്പിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് പകരം തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചതോടെ അവതാളത്തിലായി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ. നടപ്പുസാമ്പത്തിക വർഷം പദ്ധതി വിവരങ്ങൾ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞ് എട്ടിന് അവസാനിപ്പിച്ചപ്പോൾ ജില്ലയിൽ അഞ്ചു പഞ്ചായത്തുകൾക്ക് നിർദ്ദേശം പാലിക്കാനായില്ല. എന്നാൽ ഈ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരെ പ്രളയനാശ നഷ്ടവുമായി ബന്ധപ്പെട്ട കണക്കെടുപ്പിന് നിയോഗിച്ചതായി ജനപ്രതിനിധികൾ പറയുന്നു. പദ്ധതി തയ്യാറാക്കേണ്ട കാലയളവിലെ ഒന്നര മാസം പഞ്ചായത്തിലെ ഒന്നൊഴികെയുള്ള പ്രധാന ജീവനക്കാരെ മുഴുവൻ കണക്കെടുപ്പിന് നിയോഗിച്ചു. കൂരോപ്പട പഞ്ചായത്തിൽ പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ മേൽനോട്ട ചുമതല വഹിക്കേണ്ട റവന്യൂ, എൻജിനിയറിംഗ് വിഭാഗങ്ങളിലെ നാലുപേരെ പ്രളയക്കണക്കെടുപ്പിന് മാറ്റി. കല്ലറ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ അഭാവം തിരിച്ചടിയായി. യഥാസമയം നിർവഹണ ജോലികൾ പൂർത്തിയാക്കാനും ഇത് തടസമായി. കടുത്തുരുത്തിയിൽ ചില പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട നിസാര കാരണങ്ങൾ തിരിച്ചടിയായി.
സമർപ്പിക്കാത്ത പഞ്ചായത്തുകൾ
പള്ളിക്കത്തോട്
കൂരോപ്പട
മേലുകാവ്
കടുത്തുരുത്ത
കല്ലറ