വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ഒരു സാഹിത്യ സദ്യയും വൈക്കത്തു നടന്നു വന്നിരുന്നു. ഇതിന് ദേവസ്വവുമായി ബന്ധമില്ല. സന്മാർഗ്ഗ പോഷിണി സഭ എന്ന സാഹിത്യ സംഘടന ഉടലെടുത്തത് മലയാള വർഷം 1086-87 കാലയളവിലായിരുന്നു. വടക്കുംകൂർ വലിയ രാജാവും വൈക്കത്തെ ചില സാഹിത്യ നായകൻമാരും ചേർന്നാണ് സാഹിത്യ സംഘടനക്ക് രൂപം നൽകിയത്. പ്രൗഡ ഗംഭീരമായി നടന്നു വന്നിരുന്ന സാഹിത്യ സദസിൽ പങ്കുകൊള്ളാൻ നിരവധി സാഹിത്യകാരൻമാർ എത്തിയിരുന്നു. കേരള കാളിദാസനായിരുന്നു അദ്ധ്യക്ഷൻ. സാഹിത്യ മഹാരഥൻമാരായ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉള്ളൂർ, ആർ. ഈശ്വര പിള്ള, പന്തളം തമ്പുരാൻ, മാമ്മൻ മാപ്പിള, കൊട്ടാരത്തിൽ ശങ്കുണ്ണി, നാരായണൻ നമ്പ്യാർ തുടങ്ങിയ പലരും ഇതിൽ സംബന്ധിച്ചിരുന്നു. വൈക്കം ബോയ്സ് ഹൈസ്കൂളിൽ പ്രത്യേകം നിർമ്മിച്ച പന്തലിൽ ആയിരുന്നു സദസ് നടന്നിരുന്നത്. അഷ്ടമിയുത്സവത്തിന്റെ സമാപന നാളുകളിൽ വൈക്കം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു സാഹിത്യ സദസും അടുത്ത കാലം വരെ നടന്നു വന്നിരുന്നു. ഇവിടെ അക്ഷരശ്ലോക സദസാണ് നടത്തിയിരുന്നത്. പ്രശസ്തരായ അനവധി കാലകാരൻമാർ പങ്കെടുക്കുന്ന സദസ് കേൾക്കുവാൻ വലിയ പുരുഷാരമാണ് എത്തിയിരുന്നത്. വൈക്കത്തഷ്ടമി ദിവസം അഷ്ടമിവിളക്കിനായി വൈക്കത്തപ്പൻ കിഴക്കേ ആന പന്തലിൽ കയറി കഴിഞ്ഞാൽ ആരംഭിക്കുന്ന സദസ് ഉദയനാപുരത്തപ്പൻ വടക്കേ ഗോപുരം കയറുന്നതു വരെ തുടരുകയാണ് പതിവ്.