പാലാ: ജില്ലാ സ്‌കൂൾ കായിക മേളയിൽ പൂഞ്ഞാർ എസ്.എം.വി. എച്ച്.എസ്.എസിന്റെ തേരോട്ടത്തിൽ ഈരാറ്റുപേട്ട ഉപ ജില്ല കിരീടം ചൂടി. എതിരാളികളെ ഏറെ ദൂരം പിന്നിലാക്കിയാണ് ഈരാറ്റുപേട്ടയും പൂഞ്ഞാർ എസ്.എം.വി. എച്ച്.എസ്.എസും ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ആദ്യം ദിനം മുതൽ തുടങ്ങിയ മേധാവിത്വം നിലനിറുത്തിയായിരുന്നു പോരാട്ടം.

31 സ്വർണവും 25 വെള്ളിയും 18 വെങ്കലും ഉൾപ്പെടെ 286 പോയിന്റ് നേടിയാണ് ഈരാറ്റുപേട്ട ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 19 സ്വർണവും 25 വെള്ളിയും എട്ടു വെങ്കലവുമായി 194 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള പാലാ ഉപജില്ലയ്‌ക്കുള്ളത്. കഴിഞ്ഞ വർഷങ്ങളിലെ ചാമ്പ്യന്മാരായിരുന്ന ചങ്ങനാശേരി ഉപജില്ല മൂന്നാം സ്ഥാനത്താണ്.

സ്‌കൂൾ വിഭാഗത്തിൽ 24 വീതം സ്വർണവും വെള്ളിയുമാണ് പൂഞ്ഞാർ എസ്.എം.വി. എച്ച്.എസ്.എസിന്റെ അക്കൗണ്ടിലുള്ളത്. 15 വെങ്കലം കൂടി കൂട്ടിച്ചേർത്ത് 194 പോയിന്റാണ് സ്‌കൂളിലെ കായിക താരങ്ങൾ സംഭാവന ചെയ്‌തത്. പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്. പത്തു സ്വർണവും 11 വെള്ളിയും ഏഴു വെങ്കലവുമായി 83 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തി. ഒമ്പതു സ്വർണവും ഏഴു വെള്ളിയും ഒമ്പതു വെങ്കലവുമായി കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലാണ് മൂന്നാം സ്ഥാനം.

തോമസ് മാഷ് നയിച്ചു, പൂഞ്ഞാർ പുലികളായി

കായിക കേരളത്തിന്റെ ആശാൻ കെ.പി തോമസിന്റെ ശിക്ഷണത്തിലാണ് ഇക്കുറി പൂഞ്ഞാർ എസ്.എം.വി. എച്ച്.എസ്.എസ് റവന്യു ജില്ലാ ചാമ്പ്യൻമാരായത്. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തുടർച്ചയായി 15 തവണ കോരുത്തോട് സി.കെ.എം. സ്‌കൂളിനെ ചാമ്പ്യൻമാരാക്കിയതിന്റെ അനുഭവ സമ്പത്തിലാണ് കെ.പി തോമസ് മാഷ് കളത്തിലിറങ്ങിയത്. ഓവറോൾ കിരീടം നേടിയ ഈരാറ്റുപേട്ട ഉപജില്ലയുടെ 286 പോയിന്റിൽ 194ഉം എസ്.എം.വിയുടെ കുട്ടികൾ വാരിയെടുത്തതാണ്. തോമസ് മാഷും മകൻ രാജാസും ചേർന്ന് 59 കുട്ടികളെയാണ് ഇക്കുറി ട്രാക്കിലിറക്കിയത്. സീനിയർ വിഭാഗത്തിൽ എം.എസ്. അനന്ദു, സാന്ദ്രമോൾ സാബു, സബ് ജൂണിയർ വിഭാഗത്തിൽ റോഷൻ റോയി, ജൂനിയർ വിഭാഗത്തിൽ ദേവിക ബെൻ എന്നിവർ മൂന്നു വീതം സ്വർണം തേടി . പത്തു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് തോമസ് മാഷിന്റെ കുട്ടികൾ കായിക മേളയ്‌ക്കെത്തുന്നത്. കോരുത്തോട്ടിൽ നിന്നു പോയ ശേഷം ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിൽ ഏതാനും വർഷം കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. തുടർന്ന് വണ്ണപ്പുറം സ്‌കൂളിലായിരുന്നു സേവനം, തോമസ് എത്തിയ ശേഷമുള്ള എല്ലാ ഇടുക്കി ജില്ലാ കായിക മേളയിലും വണ്ണപ്പുറം സ്‌കൂളായിരുന്നു ചാമ്പ്യൻമാർ.