കോട്ടയം: ജില്ലാ സ്‌കൂൾ കായിക മേളയിൽ ഓടിയും ചാടിയും റെക്കാഡ് നേടുന്ന കായിക താരങ്ങളെ കാക്കാൻ കണ്ണിലെണ്ണയൊഴിച്ച് ഒരു പറ്റം ആളുകൾ കാവലുണ്ടായിരുന്നു. സ്‌പോട്‌സ് മെഡിസിനിൽ വിദഗ്ധ പരിശീലനം ലഭിച്ച ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ആർ.വിനീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കായിക കേരളത്തിന്റെ പ്രതീക്ഷകളെ പരിചരിക്കാനുണ്ടായിരുന്നത്. പരിക്കേറ്റും തളർന്നും മൈതാനത്ത് വീണ 43 താരങ്ങൾക്കാണ് അടിയന്തര വൈദ്യ സഹായം നൽകിയത്. ഇന്നലെ ഹൈ ജമ്പ് മത്സരത്തിനിടെ ബാറിൽ തലയിടിച്ച് പരിക്കേറ്റ കായിക താരം ജോസ്‌നയ്ക്ക് വൈദ്യ സഹായം നൽകിയതും ഈ ആയുർവേദ മെഡിക്കൽ സംഘമാണ്. ഡോക്‌ടർ വിനീതിനൊപ്പം തെറാപ്പിസ്റ്റ് അജിത്ത് അമ്പാടിയുമുണ്ട്.

എന്നാൽ, മൂന്നു ദിവസത്തെ കായിക മേള ഡ്യൂട്ടിയ്‌ക്കായി സംഘം പാലായ്‌ക്കു പോന്നതോടെ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളം തെറ്റി. ജില്ലയിൽ നിലവിൽ സ്‌പോട്‌സ് മെഡിസിനായി യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. തൃശൂരിൽ മാത്രമാണ് നിലവിൽ കായിക താരങ്ങൾക്ക് പരിശോധനയ്‌ക്കും തുടർ ചികിത്സയ്‌ക്കും സൗകര്യമുള്ളത്. നിരവധി കായിക താരങ്ങളുള്ള ജില്ലയിൽ സ്‌പോട്‌സ് മെഡിസിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.