കോട്ടയം: തിരുനക്കര ശിവന്റെ പാപ്പാനായി വീണ്ടും മനോജിനെ നിയമിച്ച് ഉത്തരവായി. നാലു മാസം മുൻപാണ് മനോജിനെ ചിറക്കടവിലേയ്‌ക്ക് നിയമിച്ചത്. കഴിഞ്ഞ ദിവസം ആന ഇടഞ്ഞോടുകയും, പാപ്പാനായിരുന്ന തിരുവനന്തപുരം സ്വദേശി വിക്രം പോസ്റ്റിനും ആനയ്‌ക്കും ഇടയിൽ കുടുങ്ങി മരിക്കുകയും ചെയ്‌തിരുന്നു. വിരണ്ടോടിയ ആനയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും തളയ്‌ക്കാനാവാതെ വന്നതോടെ ചിറക്കടവിൽ നിന്നും മനോജിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മനോജ് എത്തിയാണ് ആനയെ തളച്ചത്. ഇതേ തുടർന്നാണ് മനോജിനെ തന്നെ വീണ്ടും നില നിറുത്തണമെന്ന ആവശ്യം ശക്തമായത്. തുടർന്ന് ഇന്നലെ ഇതു സംബന്ധിച്ചുള്ള ഉത്തരവ് ദേവസ്വം ബോ‌‌ർഡ് അധികൃതർ പുറത്തിറക്കുകയായിരുന്നു.